Kerala
പോലീസുകാരെ രാഷ്ട്രീയ ഇടനിലക്കാരാക്കുന്ന രീതി കോണ്‍ഗ്രസ്സിന്റേത്: പിണറായി
പി ശശിയെ നിയമിച്ചത് നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍

തിരുവനന്തപുരം | എ ഡി ജി പി ആര്‍ എസ് എസ് നേതാക്കളെ കണ്ടത് തന്റെ ഇടനിലക്കാരനായാണ് എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം പാരമ്പര്യം വച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി പോലീസുകാരെ ഉപയോഗിച്ചതിന്റെ ഓര്‍മകളിലാണ് പ്രതിപക്ഷ നേതാവ് അക്കാര്യം ഉന്നയിച്ചത്. രാഷ്ട്രീയ ആവശ്യത്തിനു പോലീസിനെ ഉപയോഗിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ഡി ജി പി പദവി സ്വപ്‌നം കണ്ട ജയറാം പടിക്കലിനെ ഉപയോഗിച്ച് വടകര, ബേപ്പൂര്‍ കോ ലീ ബി സഖ്യത്തിന് ഇടനിലക്കാരനായി നിന്ന കാര്യം ജയറാം പടിക്കലിന്റെ ജീവ ചരിത്രത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും അതിന്റെ നേതാവിനും ചേര്‍ന്ന തൊപ്പി തന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. എ ഡി ജി പിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് നടപടികള്‍ ആലോചിക്കുക.
സാധാരണ ഒരു പരാതി ലഭിച്ചാല്‍ പരിശോധിച്ചാണ് നടപടിയെടുക്കുക. പരാതിക്കു മുമ്പുതന്നെ പി വി അന്‍വര്‍ പരസ്യമായി ഉന്നയിച്ചു. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടേയോ എന്റെയോ ശ്രദ്ധയിലായിരുന്നു അദ്ദേഹം ആരോപണം ആദ്യം ശ്രദ്ധയില്‍ പെടുത്തേണ്ടിയിരുന്നത്. ആരോപണ വന്ന സ്ഥിതിക്ക് ബന്ധപ്പെട്ട അന്വേഷണ സംഘത്തെ നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ടി കിട്ടിയാല്‍ നടപടി സ്വീകരിക്കും.ഒരു മുന്‍വിധിയും സര്‍ക്കാറിനില്ല. എസ് പി യെ സസ്‌പെന്റ് ചെയ്തത് അസാധാരണ രീതിയില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതു കൊണ്ടാണ്.
നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് പി ശശിയെ ഓഫീസില്‍ വച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പോലീസിന് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാണ്. പോലീസിനു തെറ്റു സംഭവിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും. അതേ സമയം പോലീസിന്റെ മനോ വീര്യം തകര്‍ക്കുന്ന നീക്കങ്ങളോടും ഒത്തുതീര്‍പ്പ് സാധ്യമല്ല. ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ ആരെയും സ്ഥാനത്തുനിന്ന് നീക്കില്ല. അന്വേഷിച്ച് വ്യക്തത വരുത്തിയ ശേഷമേ നടപടിയുണ്ടാവൂ.