Connect with us

Travelogue

മഹാനദികളുടെ സംഗമഭൂമി

ഹസനുൽ ബസ്വരിയുടെയും ഇബ്നു സീരീന്റെയും മഖ്ബറകൾ സന്ദർശിച്ച ശേഷം ഞങ്ങൾ നിരവധി സ്വഹാബികളുടെ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് യാത്ര ആരംഭിച്ചു. ആധുനിക ബസ്വറയുടെ നേർക്കാഴ്ചകൾ. ഇറാഖിലെ ഏക തുറമുഖ നഗരമാണിത്. ടൈഗ്രീസും യൂഫ്രട്ടീസും സംഗമിക്കുന്നയിടത്ത് നിർമിച്ച സുഖൈർ പാലം.

Published

|

Last Updated

ഹസൻ ബസ്വരി തങ്ങളുടെ സമീപത്താണ് മുഹമ്മദ് ബ്നു സീരീൻ(റ)ന്റെ മഖ്ബറയും. ജീവിത കാലത്തേതെന്ന പോലെ മരണാനന്തരവും ഇരുവരും തൊട്ടുചാരെ അന്ത്യനിദ്യയിലാണ്. കർമ ശാസ്ത്ര വിദഗ്ധനും സ്വപ്ന വ്യാഖ്യാതാവുമായിരുന്നു ഇബ്നു സീരീൻ. ഹി. 33ൽ ബസ്വറയിൽ ജനനം. വിയോഗം ഹി. 110ൽ. പ്രായം എഴുപത്തിയേഴ് വയസ്സ്. ഹസൻ ബസ്വരി മരണമടഞ്ഞതിന്റെ നൂറാം നാളിലായിരുന്നു അദ്ദേഹത്തിന്റെയും അന്ത്യം.

ഉസ്മാൻ(റ) അധികാരം ഏറ്റെടുക്കുന്നതിന്റെ രണ്ട് വർഷം മുമ്പായിരുന്നു ഇബ്നു സീരീൻ ജനിക്കുന്നത്. അനസ് ബ്നു മാലിക്(റ)ന്റെ അടിമയായിരുന്നു പിതാവ് സീരീൻ. ഹി. 12ൽ ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംകളും സസാനിയൻ പേർഷ്യൻ സംയുക്ത സൈന്യവും തമ്മിൽ നടന്ന ഐൻ അൽ തമ്മാർ യുദ്ധ തടവുകാരനായിരുന്നു. തുടർന്ന് അബൂബക്ർ സിദ്ദീഖ്(റ)ന്റെ ഭൃത്യയായിരുന്ന സ്വഫിയ്യയെ വിവാഹം കഴിച്ചു. ആ ദാമ്പത്യത്തിൽ പിറന്ന സുന്ദര കുസുമമാണ് നമ്മുടെ സ്മര്യ പുരുഷൻ.
സ്വഹാബിമാർക്കിടയിലായിരുന്നു ഇബ്നു സീരീന്റെ ജീവിതം. സൈദ്ബ്നു സാബിത്, ഇംറാൻ ബ്നു ഹുസൈൻ, അനസ് ബ്നു മാലിക്, അബൂ ഹുറൈറ, അബ്ദുല്ലാഹിബ്നു സുബൈർ(റ) തുടങ്ങിയവരായിരുന്നു മാർഗദർശികൾ. കൂട്ടത്തിൽ അനസ് തങ്ങളോടായിരുന്നു കൂടുതൽ ആത്മബന്ധം. അവിടുത്തെ എഴുത്തുകാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നേരിയ ബധിരത ബാധിച്ചിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ വൈജ്ഞാനിക സാമൂഹിക പ്രതിബദ്ധതക്ക് വിഘാതമായില്ല. നിഷ്കളങ്കനും ഫലിത പ്രിയനുമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ അവിടുന്ന് വ്രതമനുഷ്ഠിച്ചു. രാത്രി ആരാധനയിൽ മുഴുകി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പലപ്പോഴും പ്രഭാതം പുലരാറുള്ളത്. നിരന്തര പരീക്ഷണങ്ങളുടെതായിരുന്നു ആ ജീവിതം. മുപ്പത് മക്കൾ ഉണ്ടായെങ്കിലും അവരിൽ ഇരുപത്തൊമ്പത് പേരും മരണമടയുന്നത് നേരിൽ കാണേണ്ടി വന്നു. ജനങ്ങളെല്ലാം അദ്ദേഹത്തെ ആദരപൂർവമാണ് വീക്ഷിച്ചിരുന്നത്.

വിവിധ ആരോപണങ്ങളുടെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇബ്നു സീരീന്. അമവിയ്യ ഭരണകാലത്താണ് അനസ് ബ്നു മാലിക്(റ)ന്റെ നിര്യാണം. തന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകേണ്ടത് ശിഷ്യനായ ഇബ്നു സീരീൻ ആണെന്ന് അനസ് തങ്ങൾ വസ്വിയ്യത് ചെയ്തു. പക്ഷേ, ജയിലിലായിരുന്ന മഹാൻ തനിക്കെതിരെ പരാതി നൽകിയ വ്യക്തിയുടെ അനുവാദമില്ലാതെ പുറത്തിറങ്ങില്ലെന്ന് ശഠിച്ചു. ഒടുവിൽ അധികാരികൾ അയാളുടെ സമ്മതം വാങ്ങി. ബന്ധുമിത്രാദികൾ അതുവരെയും കാത്തു നിൽക്കുകയും ചെയ്തു.
സ്വപ്ന വ്യാഖ്യാന രംഗത്തെ ശ്രദ്ധേയനായിരുന്നല്ലോ ഇബ്നു സീരീൻ. അദ്ദേഹത്തിന്റെ രചനയാണ് ഇപ്പോഴും ഈ രംഗത്തെ പ്രധാന അവലംബം. ലളിതമായിരുന്നു ജീവിത ശൈലി. ദാരിദ്ര്യം വരിഞ്ഞു മുറുക്കിയപ്പോഴും ഭരണാധികാരികളുടെ ഉപഹാരങ്ങൾ സ്വീകരിക്കാൻ തയ്യാറായില്ല. പകൽ വസ്ത്ര വ്യാപാരം നടത്തി.

ഹസനുൽ ബസ്വരിയുടെയും ഇബ്നു സീരീന്റെയും മഖ്ബറകൾ സന്ദർശിച്ച ശേഷം ഞങ്ങൾ നിരവധി സ്വഹാബികളുടെ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് യാത്ര ആരംഭിച്ചു. ആധുനിക ബസ്വറയുടെ നേർക്കാഴ്ചകൾ. ഇറാഖിലെ ഏക തുറമുഖ നഗരമാണിത്. ടൈഗ്രീസും യൂഫ്രട്ടീസും സംഗമിക്കുന്നയിടത്ത് നിർമിച്ച സുഖൈർ പാലം. ഞങ്ങളുടെ ജന്മദേശമായ കടലുണ്ടി ഓർമവന്നു. അറബിക്കടലും ചാലിയാറും സംഗമിക്കുന്നത് അവിടെയാണല്ലോ. ഇങ്ങനെ തുറമുഖങ്ങളും നദികളും താണ്ടി ഇന്ത്യക്കാർ അവിടെയെത്തിയതിന്റെ ശേഷിപ്പു കൂടിയുണ്ട് ബസ്വറയിൽ. ഇന്ത്യാ മാർക്കറ്റ്. നമ്മുടെ രാജ്യക്കന്മാരായിരുന്നു ഒരു കാലത്ത് ഈ മാർക്കറ്റിലെ വ്യാപാരികൾ.

Latest