Connect with us

Kerala

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി: അന്വേഷണ ചുമതല എസ്പി മെറിന്‍ ജോസഫിന്

പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാര്‍ശ ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം| തലസ്ഥാനത്തുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാര്‍ ഉന്നയിച്ച പരാതി പോലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫ് അന്വേഷിക്കും. ഇതുസംബന്ധിച്ച് ഡിജിപിയുടേതാണ് ഉത്തരവ്. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാര്‍ശ ചെയ്തത്. വനിതാ എസ്‌ഐമാരുടെ പരാതിയില്‍ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടി. പോലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈന്റ് സെല്‍ അധ്യക്ഷയാണ് എസ്പി മെറിന്‍ ജോസഫ്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് എസ്‌ഐമാരുടെ പരാതി. ഡിഐജി അജിതാ ബീഗത്തിനാണ് രണ്ട് എസ്ഐമാര്‍ പരാതി നല്‍കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നല്‍കിയത്. തെക്കന്‍ ജില്ലയില്‍ ജില്ലാ പോലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.

രണ്ട് എസ്‌ഐമാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ അജിതാ ബീഗം ശുപാര്‍ശ ചെയ്തത്. പരാതിയുടെ പകര്‍പ്പ് ലഭ്യമായിട്ടില്ലാത്തതിനാല്‍ കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ല.

 

Latest