local body election 2025
തിരഞ്ഞെടുപ്പ് പോരിന് വീര്യം പകർന്ന് സോഷ്യൽ മീഡിയ സൈബർ വിംഗുകൾക്ക് ക്ലാസ്സുകൾ
സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഫേസ്ബുക്കുകളിലും വാട്‌സ്ആപ്പുകളിലും നിരന്നു കഴിഞ്ഞു.
കണ്ണൂർ | തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായതോടെ സോഷ്യൽ മീഡിയയിൽ പ്രചാരണവും സജീവമായി. മൂന്ന് മുന്നണികൾക്കും സോഷ്യൽ മീഡിയയിൽ പ്രചരണത്തിന്നായി പ്രത്യേക സൈബർ പോരാളികൾ തന്നെയുണ്ട്.
സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഫേസ്ബുക്കുകളിലും വാട്‌സ്ആപ്പുകളിലും നിരന്നു കഴിഞ്ഞു. സൈബർ പ്രചരണത്തിൽ ആരും പിറകിലല്ല. സ്ഥാനാർഥികളുടെ പ്രചാരണത്തിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസസങ്ങളിലും അടിക്കടി പ്രതികരണവും നവ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. രാഹൂൽ മാങ്കൂട്ടം വിഷയവും ശബരി മല വിവാദവും ഒടുവിൽ ഇ ഡി നോട്ടീസുമൊക്കെ നവ മാധ്യമങ്ങളിൽ നിറയുന്നു.
സൈബർ ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികൾ പ്രത്യേക പരിഗണന തന്നെ നൽകുന്നുണ്ട്. ഇതിനായി കോൺഗ്രസ്സിനും സി പി എമ്മിനും ലീഗിനും ബി ജെ പിക്കുമൊക്കെ സൈബർ വിംഗുകളുമുണ്ട്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ പ്രത്യേക ക്ലാസ്സുകളും പരിശീലനവും പാർട്ടികൾ നൽകുന്നു. സ്ഥാനാർഥികൾക്ക് വെവ്വേറെയുമായും സൈബർ ഗ്രൂപ്പകൾ സജീവമാണ്.
നവ മാധ്യമങ്ങളിൽ പ്രചരണത്തിന് സാധ്യത വർധിച്ചതോടെ ഇത്തരം പോസ്റ്റർ ഡിസൈൻ ചെയ്യുന്നവർക്കും ഇത് നല്ല കാലമാണ്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽ ഡി എഫിന്റെ പ്രധാന സൈബർ പ്രചരണായുധം.
സംസ്ഥാന സർക്കാരിനെതിരായ ഉയർന്നു വന്ന അഴിമതി ആരോപണങ്ങളാണ് യു ഡി എഫും ബി ജെ പിയും പ്രചരണത്തിന് ആയുധമാക്കുന്നത്. ഇതൊടൊപ്പം പ്രാദേശിക വിഷയങ്ങളും വികസനവുമൊക്കെ ഇനിയുള്ള ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ നിറയും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജമാഅത്തെ ഇസ്്ലാമിക്കെതിരെ ശക്തമായ സൈബർ പ്രചരണമാണ് ഉണ്ടായത്. യു ഡി എഫ് വെൽഫെയർ പാർട്ടി ധാരണയെ തുടർന്നാണ് സൈബറിടങ്ങളിൽ വീണ്ടും ജമാഅത്തെ ഇ ഇസ്‌ലാമിയും അവരുടെ ആശയങ്ങളും ചർച്ചയായത്. രാഹുൽ വിഷയത്തിൽ കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോരും സൈബറിടത്തിൽ ചൂടേറിയ ചർച്ചയായി.
സൈബറിടത്തിൽ പാർട്ടി നേതാക്കളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുന്ന തിരക്കിലാണ് ചിലർ. സ്ഥാനാർഥി പര്യടനവും കുടുംബ യോഗങ്ങളും വീടുകയറിയുള്ള വോട്ടു പിടുത്തവുമൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോൾ സൈബർ പോരാളികളും തിരക്കിലാണ്. പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും പോരിന് വീര്യം പകരാൻ അവർ സദാസമയവും സൈബറിടത്തിൽ പൊരുതുകയാണ്.



