National
പൗരത്വ ഭേദഗതി നിയമം; മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം
കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പുതിയ ഉത്തരവ്

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പുതിയ ഉത്തരവ്. 2014 ഡിസംബര്‍ 31ന് മുമ്പ് വന്നവര്‍ക്ക് ആയിരുന്നു നേരത്തെ പൗരത്വം നല്‍കിയിരുന്നത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ കൂടി ഇളവു നല്‍കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടി. 2019-ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികള്‍ക്ക് സി എ എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല.