Connect with us

National

കുട്ടികളെ സ്‌കൂളില്‍ വിടണം, മറ്റു ജോലികള്‍ക്ക് അയക്കരുത്: അരവിന്ദ് കെജ്‌രിവാള്‍

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ സൗജന്യ കോച്ചിംഗ് ഉറപ്പാക്കുകയും ഉന്നതവിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വായ്പ നല്‍കുകയും ചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി| കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തവും മഹത്തരവുമായ മാതൃകയാണിതെന്നും രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ ഇത് കാരണമാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ വര്‍ഷം സ്വകാര്യ സ്‌കൂളുകളില്‍ നിന്നും 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് എത്തിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി സംസ്‌കൃത അക്കാദമിയില്‍ വാത്മീകി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

കുട്ടികളെ സ്‌കൂളില്‍ വിടണമെന്നും മറ്റ് ജോലികള്‍ക്ക് അയക്കരുതെന്നും കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ബോര്‍ഡ് പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഷീല്‍ഡുകളും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ ഈ കുട്ടികളുടെ കണ്ണുകളില്‍ സ്വപ്നങ്ങളുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥകരാകാനും എഞ്ചിനീയറാകാനും മറ്റ് മേഖലകളിലേക്ക് പോകാനും ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഏറ്റവും വലിയ രാജ്യസ്‌നേഹം. രാജ്യത്തെ അനേക ദൂരം മുന്നോട്ട് നയിക്കാന്‍ അതിന് സാധിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ സൗജന്യ കോച്ചിംഗ് ഉറപ്പാക്കുകയും ഉന്നതവിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വായ്പ നല്‍കുകയും ചെയ്യും. അതുപോലെ തന്നെ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് നേടണമെങ്കിലോ ഉന്നവിദ്യാഭ്യാസം നേടണമെങ്കിലോ അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.