Connect with us

Editorial

ഛത്തീസ്ഗഢ് സംഭവവും കേരള ബി ജെ പിയും

സഭാ നേതൃത്വത്തിന്റെ തിരിച്ചറിവും ബോധവും ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. ഇനിയും പ്രീണന തന്ത്രവുമായി ബി ജെ പി നേതാക്കള്‍ അരമനകളിലെത്തുമ്പോള്‍ അവരുടെ വലയില്‍ വീഴാതിരിക്കാനുള്ള വിവേകവും ചിന്താശക്തിയും സഭാ നേതൃത്വങ്ങള്‍ സ്വീകരിക്കട്ടെ.

Published

|

Last Updated

ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് കേരളത്തിലെ ബി ജെ പിയും ക്രിസ്ത്യന്‍ നേതൃത്വവും തമ്മിലുള്ള ബന്ധത്തില്‍ സൃഷ്ടിച്ച വിടവ് പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. അത്രമാത്രം രോഷാകുലരാണ് ക്രിസ്തീയ സമൂഹവും ക്രിസ്തീയ മാധ്യമങ്ങളും. നേരത്തേ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വരെ തുണച്ച് നിരന്തരം റിപോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതി വന്നിരുന്ന കാത്തോലിക്ക മുഖപത്രം കന്യാസ്ത്രീകളുടെ അറസ്റ്റിനു ശേഷം കടുത്ത ബി ജെ പി വിരുദ്ധ നിലപാടിലേക്ക് നീങ്ങിയിരിക്കുകയാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്നലെ വായിച്ച ഇടയലേഖനത്തില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിലും സംഘ്പരിവാറിന്റെ മതന്യൂനപക്ഷ വേട്ടിയിലും രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. ജാമ്യം ലഭിച്ചത് കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ വിശിഷ്യാ അമിത് ഷായുടെ ഇടപെടല്‍ മൂലമാണെന്ന അവകാശവുമായി കേരള ബി ജെ പി നേതൃത്വവും അവരുടെ ബി ടീമായ “കാസ’യും രംഗത്തു വന്നതിനു പിന്നാലെയാണ് സഭയുടെയും പത്രത്തിന്റെയും ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഉത്തരേന്ത്യയില്‍ ബി ജെ പിയും സംഘ്പരിവാറും ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണം നടത്തി വരുമ്പോഴും കേരളത്തില്‍ ക്രൈസ്തവ പ്രീണന നയമാണ് ബി ജെ പി സ്വീകരിച്ചത്. ക്രിസ്മസ് പോലുള്ള ആഘോഷവേളകളില്‍ സഭാ ആസ്ഥാനങ്ങളിലെത്തി കേക്കും ഷെയ്ക്ക് ഹാന്‍ഡും നല്‍കി ബന്ധം സുദൃഢമാക്കാനും ശ്രമിച്ചു. അതിനിടെ ഛത്തീസ്ഗഢില്‍ കേരളീയ കന്യാസ്ത്രീകള്‍ അന്യായമായി പീഡിപ്പിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തതും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തതും കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ സൃഷ്ടിച്ച അമര്‍ഷവും പ്രതിഷേധവും പാര്‍ട്ടിക്ക് കനത്ത ആഘാതമായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ക്രൈസ്തവ വോട്ടുകളുടെ സഹായത്തോടെ സുരേഷ്‌ഗോപിയെ വിജയിപ്പിച്ച അതേതന്ത്രം പ്രയോഗിച്ച് ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടങ്ങള്‍ കൊയ്യാമെന്ന പ്രതീക്ഷക്ക് ഇത് തിരിച്ചടിയാകുമെന്നു കണ്ട ബി ജെ പി സംസ്ഥാന നേതൃത്വം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍ കോടതിയിലെത്തിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേരള അധ്യക്ഷന്‍ രാജീവ് ശേഖറിന്റെ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷണുദേവ് സായി, ആഭ്യന്തര മന്ത്രി വിജയ്ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തുകയുണ്ടായി. കന്യാസ്ത്രീകളുടെ മോചനത്തിന് ബി ജെ പി നടത്തുന്ന ശ്രമങ്ങളെ അനൂപ് ആന്റണി മാധ്യമങ്ങളുടെ മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കന്യാസ്ത്രീകളെ സ്വീകരിക്കാനും ബി ജെ പി നേതാക്കള്‍ മുന്‍നിരയിലുണ്ടായിരുന്നു.
എന്നാല്‍ ഈ രാഷ്ട്രീയ തട്ടിപ്പില്‍ ക്രൈസ്തവ സമൂഹം വഞ്ചിതരാകില്ലെന്നാണ് ഇന്നലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ വായിച്ച ഇടയ ലേഖനം വ്യക്തമാക്കുന്നത്. പാര്‍ലിമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും കന്യാസ്ത്രീകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുണ്ടായില്ലെന്ന് കുറ്റപ്പെടുത്തുന്ന ഇടയ ലേഖനം, ജാമ്യം ലഭിച്ചതില്‍ കേന്ദ്രത്തിനോ ഛത്തീസ്ഗഢ് സര്‍ക്കാറിനോ ഒരു പങ്കുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ചിട്ടും നിയമക്കുരുക്കിലൂടെ മുന്നോട്ടു പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരെയും നിയന്ത്രിച്ചു നിര്‍ത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ലേഖനത്തില്‍ പറയുന്നു.

അതിനിടെ മുസ്‌ലിം വിദ്വേഷത്തിലൂടെ ക്രൈസ്തവരെ ബി ജെ പിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ആര്‍ എസ് എസ് മുന്‍കൈയെടുത്ത് രൂപവത്കരിച്ച “കാസ’ എന്ന ക്രൈസ്തവ സംഘടനക്കും ക്രൈസ്തവ സമൂഹം എതിരായിക്കഴിഞ്ഞു. രാജ്യത്തെമ്പാടും ക്രൈസ്തവര്‍ ഹിന്ദുത്വ ആക്രമണത്തിന് ഇരയാകുമ്പോഴും സംഘ്പരിവാര്‍ ചെയ്തികള്‍ക്ക് നേരെ കണ്ണടക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കാസയുടെ നിലപാടിനെ വിശ്വാസികള്‍ തള്ളിപ്പറയുന്നു. ഛത്തീസ്ഗഢ് പ്രശ്‌നത്തില്‍ ബി ജെ പിക്ക് അനുകൂലമായി പ്രസ്താവന ഇറക്കിയ കാസയുടെ സഹചാരി ബിഷപ് ജോസഫ് പാംപ്ലാനിയെ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ തള്ളിപ്പറഞ്ഞ പശ്ചാത്തലമിതാണ്.
ജാമ്യം ലഭിച്ചെങ്കിലും ഗുരുതര വകുപ്പുകള്‍ ചുമത്തിയുള്ള കേസ് അവസാനിപ്പിക്കാത്തതിലും ജാമ്യത്തിന് കര്‍ശന ഉപാധികള്‍ വെച്ചതിലും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിലും സഭാ നേതൃത്വത്തിന് അമര്‍ഷമുണ്ട്. “കന്യാസ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിതമായി തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കണം. നിയമം കൈയിലെടുക്കുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം’- സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍തട്ടില്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പ് വരുത്താന്‍ പൊതുസമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നതായും മാര്‍ റാഫേല്‍തട്ടില്‍ പറയുന്നു. സഭാ നേതൃത്വത്തിന്റെ ഈ തിരിച്ചറിവും ബോധവും ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. ഇനിയും പ്രീണന തന്ത്രവുമായി ബി ജെ പി നേതാക്കള്‍ അരമനകളിലെത്തുമ്പോള്‍ അവരുടെ വലയില്‍ വീഴാതിരിക്കാനുള്ള വിവേകവും ചിന്താശക്തിയും സഭാ നേതൃത്വങ്ങള്‍ സ്വീകരിക്കട്ടെ. വത്തിക്കാന്‍ മുഖപത്രം മുന്നറിയിപ്പ് നല്‍കിയതുപോല, ജ്യോതിശര്‍മമാരും കേരളത്തലുള്‍പ്പെടെയുള്ള അവരുടെ വിഷപ്പതിപ്പുകളും ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചു പൊളിക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.

Latest