Connect with us

National

മെഗാ വിറ്റഴിക്കല്‍ ശരിവെച്ച് കേന്ദ്രം; ഉപയോഗിച്ചവ മാത്രമേ വില്‍ക്കൂവെന്ന് ധനമന്ത്രി

ഉടമസ്ഥത സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | റോഡ്, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്വത്തുക്കള്‍, വൈദ്യുത വിതരണ ലൈനുകള്‍, ഗ്യാസ് പൈപ് ലൈനുകള്‍ അടക്കം വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് ശരിവെച്ച് കേന്ദ്ര സര്‍ക്കാര്‍. ഉപയോഗിച്ച സ്വത്തുക്കള്‍ മാത്രമാണ് വില്‍ക്കുകയെന്നും ഉടമസ്ഥത സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. മെഗാ വിറ്റഴിക്കലിന് നാഷണല്‍ മൊണറ്റൈസേഷന്‍ പൈപ് ലൈന്‍ (എന്‍ എം പി) എന്ന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു അവര്‍.

റോഡ് മുതല്‍ റെയില്‍വേ വരെയുള്ള സ്വത്തുക്കള്‍ വില്‍ക്കും. ഓരോ സ്വത്തും വില്‍ക്കുകയില്ലെന്നും ഓരോന്നും മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ് കമ്മി പരിഹരിക്കുന്നതിനായി ആറ് ലക്ഷം കോടി രൂപ കണ്ടെത്തുന്നതിനാണ് വമ്പന്‍ വില്‍പ്പനക്ക് കേന്ദ്രം ഒരുങ്ങുന്നത്. റോഡ്, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്വത്തുക്കള്‍, വൈദ്യുത വിതരണ ലൈനുകള്‍, ഗ്യാസ് പൈപ് ലൈനുകള്‍ അടക്കം വില്‍ക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. സര്‍ക്കാര്‍ നിക്ഷേപം പിന്‍വലിച്ച് സ്വകാര്യവത്കരിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രകാരമാണിത്. ഏതാനും മേഖലകളിൽ മാത്രം സര്‍ക്കാര്‍ സാന്നിധ്യമെന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരം വില്‍പ്പനകളിലൂടെ 2022 മാര്‍ച്ച് ആകുമ്പോഴേക്കും 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്.

എല്‍ ഐ സി, ഭാരത് പെട്രോളിയം, എയര്‍ ഇന്ത്യ അടക്കമുള്ളവയുടെ ഓഹരികള്‍ ഈ വര്‍ഷം വില്‍ക്കും. റോഡുകള്‍ വിറ്റ് 1.6 ലക്ഷം കോടിയും റെയില്‍വേ സ്വത്തുക്കളിലൂടെ 1.5 ലക്ഷം കോടിയും ഊര്‍ജ മേഖലയിലൂടെ ഒരു ലക്ഷം കോടിയും ഗ്യാസ് പൈപ് ലൈന്‍ വിറ്റ് 590 ബില്യനും ടെലികമ്യൂനിക്കേഷനിലൂടെ 400 ബില്യനും രൂപ സമാഹരിക്കുകയാണ് കണക്കുകൂട്ടല്‍.

Latest