Connect with us

Editorial

സി ബി ഐയെ സ്വതന്ത്രമാക്കണം

പ്രവീണ്‍ സൂദ് പോലീസ് തലപ്പത്തിരിക്കെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ 25ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒരു ബി ജെ പി നേതാവിനെതിരെപ്പോലും കേസെടുത്തിട്ടില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ പ്രവീണ്‍ സൂദിനെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

Published

|

Last Updated

പുതിയ സി ബി ഐ ഡയറക്ടര്‍ നിയമനം വിവാദമായിരിക്കുകയാണ്. കര്‍ണാടക പോലീസ് മേധാവിയും 1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനുമായ പ്രവീണ്‍ സൂദാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തലപ്പത്ത് ഇനി നിയമിതനാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 2024 മെയില്‍ വിരമിക്കേണ്ട പ്രവീണ്‍ സൂദിന്റെ സര്‍വീസ് കാലം സര്‍ക്കാര്‍ നീട്ടിനല്‍കുകയായിരുന്നു. നിലവിലെ ഡയറക്ടര്‍ സുബോദ് കുമാര്‍ ജയ്സ്വാള്‍ സ്ഥാനമൊഴിയുന്ന ഈ മാസം 26ന് അദ്ദേഹം അധികാരമേല്‍ക്കും. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശനിയാഴ്ച ചേര്‍ന്ന ഈ മൂന്നംഗ സമിതി യോഗത്തില്‍ പ്രവീണ്‍ സൂദിനെ നിയമിക്കുന്നതിനെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ശക്തമായി എതിര്‍ത്തിരുന്നു. സി ബി ഐ ഡയറക്ടര്‍ പദവിക്കായി ആദ്യം തയ്യാറാക്കിയ പാനലില്‍ പ്രവീണ്‍ സൂദിന്റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ പിന്നീട് തിരുകിക്കയറ്റുകയായിരുന്നുവെന്നും ചൗധരിയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

1986ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ (ഐ പി എസ്) ചേരുകയും 1989ല്‍ അസ്സിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി മൈസൂരുവില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബെല്ലാരി, റായ്ച്ചൂര്‍ പോലീസ് സൂപ്രണ്ട്, മൈസൂരു സിറ്റി പോലീസ് കമ്മീഷണര്‍, ബെംഗളൂരു ട്രാഫിക് പോലീസില്‍ അഡീഷനല്‍ പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച പ്രവീണ്‍ സൂദ് ഔദ്യോഗിക മേഖലയിലും പൊതുപ്രവര്‍ത്തന രംഗത്തും കഴിവു തെളിയിച്ച വ്യക്തിയാണ്. 1996ല്‍ സേവന മികവിനുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും 2002ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും 2011ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ ബി ജെ പി സര്‍ക്കാര്‍ ഭരണ കാലത്ത് ബി ജെ പിയുടെ ചട്ടുകമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പരാതി. പ്രവീണ്‍ സൂദ് പോലീസ് തലപ്പത്തിരിക്കെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ 25ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒരു ബി ജെ പി നേതാവിനെതിരെപ്പോലും കേസെടുത്തിട്ടില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ പ്രവീണ്‍ സൂദിനെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കേന്ദ്രം തിടുക്കപ്പെട്ട് അദ്ദേഹത്തെ സി ബി ഐ തലപ്പത്തേക്ക് മാറ്റിയത്.

കേസന്വേഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുകയും ജനവിശ്വാസം ആര്‍ജിക്കുകയും ചെയ്ത സി ബി ഐ നിരവധി സങ്കീര്‍ണമായ കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സി ബി ഐ അന്വേഷിച്ചാല്‍ നേരറിയുമെന്നൊരു വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്തതിന്റെയും പല കേസുകളിലും ആളുകള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെയും പശ്ചാത്തലമിതാണ്. അതേസമയം ഏതാനും വര്‍ഷമായി സി ബി ഐ കേന്ദ്ര ഭരണ കക്ഷിയുടെ ചട്ടുകമായി മാറിയിട്ടുണ്ടെന്ന പരാതി ശക്തമാണ്. യു പി എ ഭരണകാലത്ത് 2003 മെയില്‍ കല്‍ക്കരി ഖനി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ‘യജമാനന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടച്ച തത്തമ്മ’യെന്ന് സുപ്രീം കോടതി തന്നെ സി ബി ഐയെ കുറ്റപ്പെടുത്തുകയുണ്ടായി. പക്ഷപാതപരമായ നിലപാടിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സി ബി ഐ അന്വേഷണത്തിന് സംസ്ഥാനത്തിനുള്ളില്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്.

രാഷ്ട്രീയ എതിരാളികളെയും കേന്ദ്ര സര്‍ക്കാറിന്റെ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന നേതാക്കളെയും പത്രമാധ്യമങ്ങളെയും വേട്ടയാടാനുള്ള ഒരു ഉപകരണമായി അധഃപതിച്ചിട്ടുണ്ട് ഇന്ന് സി ബി ഐ. കോണ്‍ഗ്രസ്സ് ഭരണ കാലത്തേ തുടങ്ങിയതാണ് ഈ പ്രവണതയെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ശക്തിപ്പെട്ടത്. ആരോപണ വിധേയരായ ഭരണകക്ഷി നേതാക്കളെ ഒഴിവാക്കി പ്രതിപക്ഷത്തുള്ളവരുടെ പിറകെയാണിപ്പോള്‍ സി ബി ഐ ചുറ്റിക്കറങ്ങുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നതാണ് ഈ അന്വേഷണ ഏജന്‍സിയെ ഈ വിധം ദുരുപയോഗം ചെയ്യാനിടയാക്കുന്നത്. സി ബി ഐ ഡയറക്ടര്‍ തിരഞ്ഞെടുപ്പും സുതാര്യവും സ്വതന്ത്രവുമല്ല. സമിതിയില്‍ പ്രതിപക്ഷ നേതാവ് കൂടിയുണ്ടെങ്കിലും നിലവില്‍ ജുഡീഷ്യറി പലപ്പോഴും സര്‍ക്കാറിന്റെ ഇംഗിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്നതു കൊണ്ട് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം മാനിക്കപ്പെടാതെ പോകുകയാണ്. പ്രവീണ്‍ സൂദിന്റെ നിയമനത്തിലും ഇതാണ് സംഭവിച്ചത്.

2022 ഏപ്രില്‍ ഒന്നിന് സി ബി ഐ സ്ഥാപക-ഡയറക്ടര്‍ ഡി പി കോഹ്്ലിയുടെ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സി ബി ഐയുടെ വിശ്വാസ്യത തകരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. പൊതുജന വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സി ബി ഐ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ഭരണ നിര്‍വാഹകരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഇതിന് ആദ്യം വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വന്ന് അതിനൊരു സ്വതന്ത്ര വ്യക്തിയെ തലവനാക്കി വെക്കുകയാണ് ഇതിനു പരിഹാരം. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ ചട്ടക്കൂടിനുള്ളിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ നിന്നുള്ള ഏത് വ്യതിയാനവും സ്ഥാപനത്തെ ദോഷകരമായി ബാധിക്കുകയും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും ജസ്റ്റിസ് രമണ മുന്നറിയിപ്പ് നല്‍കി.

സി ബി ഐയെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) മാതൃകയില്‍ സ്വതന്ത്രമായ സ്വയം ഭരണ സ്ഥാപനമാക്കണമെന്നും അതിന്റെ ഭരണ നിര്‍വഹണം കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് വേര്‍പ്പെടുത്തണമെന്നും 2021 ആഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സി ബി ഐയെ കൂട്ടില്‍ നിന്ന് മോചിപ്പിക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും ഈ നിര്‍ദേശം നടപ്പാക്കേണ്ടത് അനിവാര്യമാണ്.

 

Latest