National
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് മേല്‍ ഇനിയും 'വമ്പിച്ച താരിഫുകള്‍' ചുമത്തും; വീണ്ടും ഭീഷണിയുമായി ട്രംപ്
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് കഴിഞ്ഞ ആഴ്ച മോദി ഉറപ്പു നല്‍കിയതായും ട്രംപ്

വാഷിങ്ടണ്‍ | റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന് ആവര്‍ത്തിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ഭീഷണി മുഴക്കി.റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് കഴിഞ്ഞ ആഴ്ച മോദി ഉറപ്പു നല്‍കിയതായും ട്രംപ് ആവര്‍ത്തിച്ചു.
റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു എന്ന ട്രംപിന്റെ വാദം കഴിഞ്ഞ ആഴ്ച ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടെ ഈ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘പക്ഷേ അവര്‍ ആ നിലപാട് തുടരുകയാണെങ്കില്‍ അവര്‍ തുടര്‍ന്നും വന്‍തോതില്‍ താരിഫുകള്‍ നല്‍കേണ്ടിവരും, അവര്‍ക്കത് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും ട്രംപ് മറുപടി നല്‍കി.
റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യുഎസ് താരിഫ് ചുമത്തിയിട്ടുണ്ടെന്നും, ഇത് 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25% കൂടി ചേര്‍ത്ത് മൊത്തം 50% വരെയായി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി നയങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേ സമയം പ്രധാനമന്ത്രി മോദിയുമായി റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ച് ഫോണ്‍ സംഭാഷണം നടന്ന വാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഇന്ത്യക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഒഴിവാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷം, കുറഞ്ഞ വിലയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.അതേസമയം, യുക്രേനിയന്‍ ഡ്രോണുകള്‍ റഷ്യന്‍ റിഫൈനറികളെ ആക്രമിച്ചതിനെ തുടര്‍ന്ന് റഷ്യ കയറ്റുമതി വര്‍ദ്ധിപ്പിച്ചതിനാല്‍, ഈ മാസം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം 1.9 ദശലക്ഷം ബാരലായി ഏകദേശം 20% ഉയരുമെന്ന് കമോഡിറ്റി ഡാറ്റാ സ്ഥാപനമായ കെപ്ലര്‍ കണക്കാക്കുന്നു.