Kerala
അട്ടപ്പാടി വള്ളിയമ്മ കൊലപാതക കേസ്; മരണകാരണം തലയോട്ടിയിലെ പൊട്ടലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മരണം ഉറപ്പാക്കിയ ശേഷം അന്നു തന്നെ മൃതദേഹം കുഴിച്ചുമൂടിയെന്ന് പങ്കാളി പഴനി മൊഴി നല്‍കിയിരുന്നു.
പാലക്കാട്| അട്ടപ്പാടിയിലെ വള്ളിയമ്മയെ വിറകു കൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയോട്ടിയിലേറ്റ പൊട്ടലാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. വള്ളിയമ്മയെ വിറകു കൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും മരണം ഉറപ്പാക്കിയ ശേഷം അന്നു തന്നെ മൃതദേഹം കുഴിച്ചുമൂടിയെന്നും പങ്കാളി പഴനി മൊഴി നല്‍കിയിരുന്നു.
രണ്ടു ദിവസത്തിനുശേഷം മറ്റൊരു കുഴിയെടുത്ത് മൃതദേഹം അതിലേക്ക് മാറ്റിയെന്നും പഴനി മൊഴി നല്‍കിയിരുന്നു. വള്ളിയമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടുമാസം മുന്‍പാണ് ആദ്യ ഭര്‍ത്താവിലുണ്ടായ മക്കള്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് പഴനിയെ ചോദ്യം ചെയ്യുകയും ചെയ്തു. പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വള്ളിയമ്മയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരും വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.







