Kerala
മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു
കടക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടില്‍ ശശി (58)യാണ് കൊല്ലപ്പെട്ടത്.

കൊല്ലം| കൊല്ലം കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. കടക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടില്‍ ശശി (58)യാണ് കൊല്ലപ്പെട്ടത്. പോലീസ് പ്രതി കുന്താലി രാജുവിനായുള്ള തിരച്ചില്‍ തുടരുന്നു.
ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സമീപത്ത് അടുക്കി വച്ചിരുന്ന പലക കഷണങ്ങള്‍ എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തര്‍ക്കത്തിനുള്ള കാരണമെന്താണെന്ന് അറിയില്ല.
ആക്രമണശേഷം ശശിയെ ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രതിക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.