Connect with us

Kerala

വി എസിന്   ക്യാപ്പിറ്റല്‍ പണിഷ് മെന്റ്: ആരോപണവുമായി സുരേഷ് കുറുപ്പ്; പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് ചിന്ത ജെറോം

മറ്റൊരു യുവ നേതാവിനെതിരെ സമാന ആരോപണവുമായി പിരപ്പന്‍കോട് മുരളിയും രംഗത്തുവന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോകാന്‍ കാരണം, വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞതു സഹിക്കാന്‍ കഴിയാഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലുമായി മുന്‍ എം പി കെ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പെണ്‍കുട്ടിയുടെ പരാമര്‍ശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നു. ഒരു കാലത്ത് വി എസ് പക്ഷത്തെ ശക്തനായിരുന്നു സുരേഷ് കുറുപ്പ്.

ഒറ്റപ്പെട്ടപ്പോഴും വി എസ് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ള കുട്ടികള്‍ സമ്മേളനങ്ങളില്‍ അദേഹത്തിനെതിരെ നിലവിട്ട അധിക്ഷേപം ഉന്നയിച്ചു എന്നിങ്ങനെയാണ് ലേഖനം പറയുന്നത്. ഇങ്ങനെയൊക്കയായിരുന്നു എന്റെ വി എസ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരാണ് ക്യാപിറ്റല്‍ പണിഷ്മെന്റ് വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. പിരപ്പന്‍കോട് മുരളി എം സ്വരാജിനെ ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉന്നയിച്ചതെങ്കില്‍ സുരേഷ് കുറുപ്പ് ഒരു കൊച്ചു പെണ്‍കുട്ടി എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍ സി പി എം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

കെ സുരേഷ് കുറുപ്പ് കൊച്ചുപെണ്‍കുട്ടി എന്നു പരാമര്‍ശിച്ചത് ചിന്ത ജെറോമിനെ ആണന്ന ആരോപണം ഉയര്‍ന്നതോടെ ആരോപണം നിഷേധിച്ച് ചിന്ത രംഗത്തുവന്നു. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പൂര്‍ണ്ണമായും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ചിന്താ ജെറോം മാധ്യമങ്ങളോടു പറഞ്ഞു.
സമ്മേളനത്തില്‍ അത്തരത്തിലുള്ള പരാമര്‍ശം ഉയര്‍ന്ന് വന്നിട്ടില്ല. നേരത്തെ ആ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ വിമര്‍ശനം ഉയര്‍ത്തി കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂര്‍ണമായും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ചിന്ത പറഞ്ഞു.