Kerala
മോന്‍ത ചുഴലിക്കാറ്റ് കരതൊട്ടു; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, കേരളത്തില്‍ മഞ്ഞ അലര്‍ട്ട്
ചുഴലിക്കാറ്റില്‍ കോനസീമ ജില്ലയില്‍ മരം വീടിന് മുകളിലേക്ക് വീണ് ഒരു വയോധിക മരിച്ചു.
തിരുവനന്തപുരം| ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോന്‍ത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരം കടന്നു. ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആന്ധ്ര തീരത്ത് ശക്തമായ മഴയാണുള്ളത്. കക്കിനാട തുറമുഖത്ത് അതീവ ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. അതീവ ജാഗ്രതയിലാണ് ആന്ധ്ര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍. ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. അവിടുത്തെ 15 ജില്ലകളിലെ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റില്‍ കോനസീമ ജില്ലയില്‍ മരം വീടിന് മുകളിലേക്ക് വീണ് ഒരു വയോധിക മരിച്ചു. ഈ ജില്ലയില്‍ തെങ്ങുകള്‍ കടപുഴകി വീണ് ഒരു ആണ്‍കുട്ടിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്കേറ്റു.
മോന്‍ത കര തൊടുമ്പോഴേക്കും 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചു. കരയില്‍ പ്രവേശിച്ച ശേഷം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കുമെന്നാണ് മുന്നറിയിപ്പ്. മോന്‍ത ആന്ധ്രാ തീരത്ത് വന്‍ നാശനഷ്ടം വിതച്ചേക്കുമെന്നാണ് ആശങ്ക. 16 ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരമാലകള്‍ നാലേമുക്കാല്‍ അടി വരെ ഉയരത്തില്‍ വീശി അടിക്കും. കടല്‍ പ്രക്ഷുബ്ധമായതോടെ തീരദേശ മേഖലകളില്‍ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. ദുരിതാശ്വാസ ക്യാന്പുകളും സജ്ജമാക്കിയിട്ടുണ്ട്.
വിശാഖപട്ടണത്തും വിജയവാഡയിലും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്. വിശാഖപട്ടണം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേയും റദ്ദാക്കി. വാര്‍ റൂം തുറക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. ഓരോ മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ആന്ധ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു.
ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍ത ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.



