bus stricke
ജനത്തെ വലച്ച് ബസ് സമരം മൂന്നാം ദിനത്തില്‍
മലബാര്‍ മേഖലയില്‍ കൊടിയ യാത്രാദുരിതം

കോഴിക്കോട് | സംസ്ഥാനത്ത് വലിയ യാത്രപ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തില്‍. തെക്കന്‍ മേഖലയെ അപേക്ഷിച്ച് സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന മലബാര്‍ മേഖലയില്‍ ജനം വലയുകയാണ്. കൃത്യസമയത്ത് പരീക്ഷക്ക് എത്താനാകാതെ വിദ്യാര്‍ഥികളും ഓഫീസിലുകളിലും മറ്റും എത്താനാകാതെ സ്ത്രീകളുമെല്ലാം വലയുന്നു. മണിക്കൂറുകളോളം മലയോര മേഖലകളിലും മറ്റും ബസിനായി കാത്തിരിക്കുന്നത്. മണിക്കൂറുകള്‍ ഇടവിട്ടെത്തുന്ന കെ എസ് ആര്‍ ടി സിയിലാകട്ടെ തിരക്ക് കാരണം ഒന്ന് കയറിപ്പറ്റാന്‍ പോലും കഴിയുന്നില്ല. സമാന്തര സര്‍വീസുകളും കുറവായതിനാല്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്നാണ് പൊതുജനം പറയുന്നത്.
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇന്ന് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് കെ എസ് ആര്‍ ടി സി പരമാവധി സര്‍വീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്.