Connect with us

Kerala

സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍, ചര്‍ച്ചക്കില്ലെന്ന് മന്ത്രിയും; വലഞ്ഞ് ജനം

ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് സമരത്തിന് കാരണമെന്നും ബസ് ഉടമകള്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തു സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്കു കടക്കവെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകള്‍. നിരക്ക് വര്‍ധന നടപ്പിലാക്കാതെ സമരം തീരില്ല. ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിരക്ക് കൂട്ടുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി വാക്ക് പാലിച്ചില്ല. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് സമരത്തിന് കാരണമെന്നും ബസ് ഉടമകള്‍ ആരോപിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.

ചാര്‍ജ് വര്‍ധന കാര്യത്തില്‍ തീരുമാനമായതാണ്. അത് എപ്പോള്‍, എങ്ങനെ നടപ്പിലാക്കുമെന്നു പറയാനാകില്ല. ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. പല കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്നു ബസുടമകള്‍ ആലോചിക്കണം- മന്ത്രി പറഞ്ഞു

ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വര്‍ധന പ്രഖ്യാപിക്കൂ. 30നു ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂയെന്നും മന്ത്രി പറഞ്ഞു

ബസ് സമരം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലയുകയാണ്. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്നു മന്ത്രി പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം ഫലമുണ്ടാക്കിയില്ല.

 

Latest