National
ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗ കേസ് ; അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, വിധി വരുന്നത് ഒന്‍പത് വര്‍ഷത്തിന് ശേഷം
2016 ജൂലൈ 29-ന് രാത്രിയില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുവെച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു
മീററ്റ് | രാജ്യത്തെ ഞെട്ടിച്ച ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 2016 ജൂലൈ 29ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ എന്‍എച്ച്-91 ഹൈവേയില്‍ വെച്ച് അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ഒന്‍പത് വര്‍ഷത്തിന് ശേഷം വിധി പ്രസ്താവിക്കുന്നത്.കനൗജ് സ്വദേശികളായസുബൈര്‍ , സാജിദ് , ഫറൂഖാബാദ് സ്വദേശികളായ ധരംവീര്‍ ,നരേഷ് സുനില്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ബുലന്ദ്ഷഹറിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതയാണ് വിധി പ്രസ്താവിച്ചത്. അഞ്ച് പേര്‍ക്കും ജീവപര്യന്തം തടവിന് പുറമെ 1.81 ലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി വിധിച്ചു. പിഴത്തുക ഇരകളായ അമ്മയ്ക്കും മകള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കാന്‍ ജഡ്ജി ഓം പ്രകാശ് ഉത്തരവിട്ടു.
2016 ജൂലൈ 29-ന് രാത്രിയില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുവെച്ച് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.തുടക്കത്തില്‍ 11 പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.മുഖ്യപ്രതി സലിം ബാവരിയ വിചാരണയ്ക്കിടെ മരിച്ചു.
മറ്റ് രണ്ട് പ്രതികള്‍ എസ്ടിഎഫ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ നിരപരാധികളാണെന്ന് സിബിഐ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കുടുംബത്തെ മുഴുവന്‍ ബന്ദികളാക്കി നടത്തിയ ഈ ക്രൂരത രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷമാണെങ്കിലും നീതി ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് ഇരകളുടെ കുടുംബം പ്രതികരിച്ചു
കോടതിയില്‍ ഹാജരാക്കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിധിയെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഗവണ്‍മെന്റ് കൗണ്‍സല്‍ വരുണ്‍ കൗശിക് വ്യക്തമാക്കി.
അതേസമയം, കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ശിവചരണ്‍ മഹൂര്‍ അറിയിച്ചു.




