International
ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി നേതാവിന് നേരെ വെടിവെപ്പ്; തലക്ക് വെടിയേറ്റത് മുത്വലിബ് ഷിക്ദറിന്
കഴിഞ്ഞ ഡിസംബർ 12 ന് ധാക്കയിൽ വെച്ച് വെടിയേറ്റ ഇൻക്വിലാബ് മഞ്ച വക്താവ് ശരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പുതിയ ആക്രമണം
ധാക്ക | ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും എൻ സി പി (നാഷണൽ സിറ്റിസൺ പാർട്ടി) ഖുൽന ഡിവിഷൻ മേധാവിയുമായ മുത്വലിബ് ഷിക്ദറിന് നേരെ വെടിവെപ്പ്. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ നഗരമായ ഖുൽനയിൽ വെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2024 ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു മുത്വലിബ് ഷിക്ദർ. മജിദ് സരണി പ്രദേശത്ത് വെച്ച് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ സിറ്റി ഇമേജിംഗ് സെന്ററിലേക്ക് മാറ്റിയതായി പ്രാദേശിക പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ല. പ്രതികളെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 12 ന് ധാക്കയിൽ വെച്ച് വെടിയേറ്റ ഇൻക്വിലാബ് മഞ്ച വക്താവ് ശരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിൽ രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരികയാണ്. ഹാദിയുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെയാണ് മുത്വലിബ് ഷിക്ദറിന് നേരെയും ആക്രമണമുണ്ടായത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.




