National
പരുഷമായി ഇടപെട്ടത് ചോദ്യം ചെയ്തു; ഹിമാചല്‍ പ്രദേശില്‍ രോഗിയെ കട്ടിലില്‍ 'പഞ്ഞിക്കിട്ട് ' ഡോക്ടര്‍
ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു
ഷിംല | ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ രോഗിക്ക് നേരെ ഡോക്ടറുടെ ക്രൂരമര്‍ദ്ദനം. നീ എന്ന് അഭിസംബോധന ചെയ്തതു സംബന്ധിച്ച തര്‍ക്കമാണ് ശാരീരികമായ ആക്രമണത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. ശ്വസനസംബന്ധമായ പരിശോധനയായ ‘ബ്രോങ്കോസ്‌കോപ്പി’ കഴിഞ്ഞെത്തിയ അര്‍ജുന്‍ പന്‍വാര്‍ എന്ന രോഗിക്ക് നേരെയായിരുന്നു മര്‍ദ്ദനം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ബെഡില്‍ കിടക്കുകയായിരുന്ന അര്‍ജുന്‍ പന്‍വാറിനോട് താന്‍ അഡ്മിറ്റാണോ എന്ന് ഡോക്ടര്‍ വളരെ പരുഷമായി ചോദിച്ചതാണ് തര്‍ക്കത്തിന് തുടക്കമായത്.
മര്യാദയോടെ സംസാരിക്കാന്‍ രോഗി ആവശ്യപ്പെട്ടപ്പോള്‍, തന്നെ നീ എന്ന് തന്നെ വിളിക്കു എന്ന രീതിയില്‍ ഡോക്ടര്‍ സംസാരിച്ചു. നിങ്ങള്‍ വീട്ടുകാരോടും ഇങ്ങനെയാണോ സംസാരിക്കുക എന്ന് പന്‍വാര്‍ ചോദിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.ചോദ്യത്തില്‍ പ്രകോപിതനായ ഡോക്ടര്‍ ബെഡില്‍ കിടക്കുകയായിരുന്ന രോഗിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാഹുല്‍ റാവു മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേ സമയം രോഗിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ജനങ്ങള്‍ ആശുപത്രിയില്‍ തടിച്ചുകൂടുകയും ഡോക്ടര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




