Kerala
വടശേരിക്കരയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു
പത്തനംതിട്ട | റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നതായി നാട്ടുകാര്‍ പറയുന്നു. മുമ്പ് നിരവധി തവണ കെണിയൊരുക്കി കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് കുമ്പളത്താമണ്‍.
ഞായറാഴ്ച പകല്‍ 11.45 ഓടെ ജംഗിള്‍ ബുക്ക് ഫാമിലെ ആടിനെ കടുവ പിടിച്ചതാണ് അവസാന സംഭവം. ഗുജറാത്ത് സ്വദേശിയായ ശിവ എന്ന യുവാവ് ആടിനെ തീറ്റുമ്പോഴാണ് കടുവ ഇറങ്ങി ആടിനെ കടിച്ചു തൂക്കിക്കൊണ്ട് ഓടിയത്. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ ഇരയെയും കൊണ്ട് ഓടി രക്ഷപ്പെട്ടു. വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നും ആടിന്റെ ജഡം കിട്ടി. നേരത്തെ കടുവ ഇതേ ഫാമിലെ പോത്തിനെ പിടിച്ചിരുന്നു. ഈ ഭാഗത്ത് കടുവയെ പിടിക്കാന്‍ കൂട് വനപാലകര്‍ ആടിന്റെ ജഡം കിടന്ന ഭാഗത്തേക്ക് മാറ്റി. ഇരയായി ആടിന്റെ ജഡവും ഇട്ടു. ഇത് ഭക്ഷിക്കാന്‍ എത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. പിടികൂടിയ കടുവയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനപാലകര്‍ അറിയിച്ചു.





