Kerala
സര്‍ക്കാര്‍ ഹോമില്‍ നിന്നും ഒളിച്ചോടിയ രണ്ട് പെണ്‍കുട്ടികളെ പോലീസെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും പിഴയും
ഭയന്ന കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തടയുകയും ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റുകയും ചെയ്തു
തിരുവനന്തപുരം | സര്‍ക്കാര്‍ ഹോമില്‍നിന്ന് ഒളിച്ചോടിയ രണ്ട് പെണ്‍കുട്ടികളെ പോലീസുകാരനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.മെഡിക്കല്‍ കോളജ് മടത്തുവിള വീട്ടില്‍ വിഷ്ണു (35)വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്.
2022 നവംബര്‍ അഞ്ചിന് രാത്രി ഏഴോടെയാണ് സംഭവം. സര്‍ക്കാര്‍ ഹോമില്‍നിന്ന് 15 വയസുള്ള രണ്ടുപെണ്‍കുട്ടികള്‍ ഒളിച്ചോടി സുഹൃത്തിനെ കാണാന്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ എത്തി.
കുട്ടികളെ കണ്ട പ്രതി താന്‍ പോലീസുകാരന്‍ ആണെന്നും എന്തിന് ഇവിടെ നില്‍ക്കുന്നുവെന്നും ചോദിച്ചു. ഭയന്ന കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തടയുകയും ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റുകയും ചെയ്തു.തുടര്‍ന്ന് ഹോമില്‍നിന്ന് ചാടിയ കേസില്‍നിന്ന് ഒഴിവാക്കി നല്‍കാമെന്ന് പറഞ്ഞ് അടുത്തുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം പുലര്‍ച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു.
മ്യൂസിയത്തിന് സമീപം പോലീസ് കുട്ടികളെ കണ്ടെത്തുകയും മൊഴിയെടുക്കുകയും ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.




