National
ഗോവ നൈറ്റ് ക്ലബ്ബിലെ തീപ്പിടുത്തം; ലൂത്ര സഹോദരന്മാരുടെ പോലീസ് കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഡിസംബർ 26 വരെ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരും
ന്യൂഡൽഹി | ഗോവയിലെ ‘ബിർച്ച് ബൈ റോമിയോ’ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവരുടെ പോലീസ് കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ 26 വരെ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരും. 25 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നാലെ തായ്‌ലൻഡിലേക്ക് കടന്ന ഇവരെ കഴിഞ്ഞ ഡിസംബർ 16നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ തങ്ങളുടെ ട്രേഡ് ലൈസൻസും മറ്റ് രേഖകളും വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തിയതായി ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്ലബ്ബിന്റെ മൂന്നാം പങ്കാളിയായ അജയ് ഗുപ്തയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഗുരുതരമായ വീഴ്ച വരുത്തിയതിനും ഗോവ സർക്കാർ പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മതിയായ അഗ്നിശമന സുരക്ഷാ ഉപകരണങ്ങളോ എമർജൻസി എക്സിറ്റ് സൗകര്യങ്ങളോ ഇല്ലാതെയാണ് ക്ലബ്ബിൽ വെടിക്കെട്ട് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബി എൻ എസ്. 2023 ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




