Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവും പിഴയും
അതിജീവിതയുടെ വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് കഠിന തടവും പിഴയും. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തന്‍വീട്ടില്‍ പ്രസാദ്(53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് മഞ്ജിത്ത് റ്റി എട്ട് വര്‍ഷവും മൂന്ന് മാസവും കഠിന തടവിനും 81,000 രൂപ പിഴയും വിധിച്ചത്. 2023 ജൂലൈ 18ന് അതിജീവിതയുടെ വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ധന്യ കെ എസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സ്മിത ജോണ്‍ പി ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





