Uae
ബി ആർ ഷെട്ടി എസ് ബി ഐയ്ക്ക് 46 ദശലക്ഷം ഡോളർ നൽകണം; ഡി ഐ എഫ് സി കോടതി വിധി
ഷെട്ടി കള്ളങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് കോടതി

ദുബൈ|എൻ എം സി ഹെൽത്ത്‌കെയർ സ്ഥാപനത്തിന്റെ സ്ഥാപകൻ ബി ആർ ഷെട്ടി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്ക് 46 ദശലക്ഷം ഡോളർ (ഏകദേശം 111 കോടി രൂപയിലധികം) നൽകണമെന്ന് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി ഐ എഫ് സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളർ വായ്പക്ക് വ്യക്തിപരമായ ഗ്യാരണ്ടിയിൽ ഒപ്പിട്ടതിനെക്കുറിച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് കള്ളം പറഞ്ഞതായി കോടതി കണ്ടെത്തി.
ഒക്ടോബർ എട്ടിന് പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് ആൻഡ്രൂ മോറാൻ, ഷെട്ടിയുടെ മൊഴിയെ “വിശ്വസിക്കാൻ കഴിയാത്ത കള്ളങ്ങളുടെ ഘോഷയാത്ര’ എന്നാണ് വിശേഷിപ്പിച്ചത്.
സെപ്തംബർ 29ന് നടന്ന വിചാരണയിൽ അദ്ദേഹത്തിന്റെ തെളിവുകൾ “അവ്യക്തവും അസംബന്ധവുമാണ്’ എന്നും കോടതി പറഞ്ഞു.
2018 ഡിസംബറിൽ എൻ എം സി ഹെൽത്ത്‌കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളർ വായ്പക്ക് ഷെട്ടി വ്യക്തിപരമായ ഗ്യാരണ്ടിയിൽ ഒപ്പിട്ടിട്ടുണ്ടോ എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു കേസ്. ഒപ്പ് വ്യാജമാണെന്നും ഒപ്പിടുന്നതിന് സാക്ഷിയായ ബേങ്കിന്റെ സി ഇ ഒയെ താൻ കണ്ടിട്ടില്ലെന്നും ഷെട്ടി വാദിച്ചു.
“വ്യക്തിപരമായ ഗ്യാരണ്ടിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ആവർത്തിച്ച് നിഷേധിക്കുന്നതിൽ ഷെട്ടി കോടതിയിൽ സത്യപ്രതിജ്ഞ ചെയ്ത് കള്ളം പറയുകയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി സാക്ഷിമൊഴികളും രേഖാമൂലമുള്ള തെളിവുകളും എന്റെ മുന്നിലുണ്ട്’ എന്ന് ജസ്റ്റിസ് മോറാൻ തന്റെ 70 ഖണ്ഡികകളുള്ള വിധിന്യായത്തിൽ എഴുതി. പലിശ സഹിതം 45,997,554.59 ഡോളർ നൽകാനാണ് കോടതി വിധി പുറപ്പെടുവിച്ചത്. പൂർണമായ പേയ്‌മെന്റ്നടത്തുന്നത് വരെ ഒമ്പത് ശതമാനം വാർഷിക പലിശ ഈ തുകക്ക് പുറമെ നൽകണം.
കോടതിയിൽ നടന്നത്
വായ്പാ സൗകര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഷെട്ടി ആദ്യം നിഷേധിച്ചെങ്കിലും, 2020 മെയ് മാസത്തിലെ സ്വന്തം ഇ-മെയിൽ കാണിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. ആ ഇ-മെയിലിൽ, തന്റെ ഗ്യാരണ്ടിയെക്കുറിച്ചുള്ള ചർച്ചകൾ അദ്ദേഹം അംഗീകരിക്കുകയും രേഖകൾ അവലോകനം ചെയ്യാൻ സമയം ചോദിക്കുകയും ചെയ്തതായി കോടതി വിധിയിൽ പറയുന്നു. ഗ്യാരണ്ടിയിൽ ഒപ്പിട്ടതിനെക്കുറിച്ച് 2020 മെയ് മാസത്തിൽ അദ്ദേഹത്തിന് പൂർണമായി അറിയാമായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.
2018 ഡിസംബർ 25ന് ഷെട്ടി ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാൻ താൻ എൻ എം സിയുടെ അബൂദബി ഓഫീസുകളിൽ പോയതായി ബേങ്കിന്റെ സി ഇ ഒ അനന്ത ഷേണായി മൊഴി നൽകി. 50 ദശലക്ഷം ഡോളർ വായ്പ നൽകിയതിന് ബേങ്ക് ചെയർമാന് ഷെട്ടി നന്ദി പറയുന്ന ഫോട്ടോകളും 2019 ജനുവരി 13-ലെ വിശദമായ മീറ്റിംഗ് റിപ്പോർട്ടും അദ്ദേഹം ഹാജരാക്കി.
ചില എൻ എം സി ജീവനക്കാർ തന്റെ ഒപ്പ് പകർത്താൻ മത്സരങ്ങൾ നടത്തി, വിജയിക്ക് സമ്മാനം നൽകുമെന്നും ഷെട്ടി മൊഴി നൽകിയത് വിചിത്രമായി തോന്നി. സമ്മാനം എന്താണെന്ന് ചോദിച്ചപ്പോൾ, “ഇപ്പോൾ തനിക്ക് ഉണ്ടാകുന്ന ദുരിതമാണ് സമ്മാനം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹാൻഡ് റൈറ്റിംഗ് വിദഗ്ധരുടെ മൊഴിയും കോടതി കേട്ടു. ഷെട്ടിയുടെ ഒപ്പ് തന്നെയാണ് രേഖകളിൽ ഉള്ളതെന്ന് വിദഗ്ധൻ ശക്തമായ തെളിവുകൾ നൽകി.
എൻ എം സി ഹെൽത്ത്‌കെയറിന്റെ 2020-ലെ തകർച്ചയുമായി ബന്ധപ്പെട്ടതാണ് കേസിന്റെ പശ്ചാത്തലം. നാല് ബില്യൺ ഡോളറിലധികം മറച്ചുവെച്ച കടം കണ്ടെത്തിയതിനെ തുടർന്ന് 2020 ഏപ്രിലിൽ കമ്പനി ഭരണത്തിന് കീഴിലാവുകയായിരുന്നു.