Uae
യു എ ഇയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്
രാജ്യത്ത് നിലനിൽക്കുന്ന ന്യൂനമർദമാണ് താപനില കുറയുന്നതിനും മഴക്കും കാരണമായത്.
ദുബൈ | രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ദൂരക്കാഴ്ച കുറയുന്ന സാഹചര്യവും ഉണ്ടായി. രാജ്യത്ത് നിലനിൽക്കുന്ന ന്യൂനമർദമാണ് താപനില കുറയുന്നതിനും മഴക്കും കാരണമായത്. ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
അബൂദബിയിലെ അൽ ദഫ്‌റ മേഖലയിൽ മഴ ശക്തമായതിനെത്തുടർന്ന് റോഡുകളിലൂടെ വാഹനങ്ങൾ ഓടിച്ചുപോകാൻ പ്രയാസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. അൽ ഐനിലെ ഖതം അൽ ശിഖ്‌ല, സാഅ, മസ് യാദ്, ഉമ്മു ഗഫ്ഫ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ കാരണം റോഡുകളിൽ ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് അബൂദബി പോലീസ് ജാഗ്രതാ നിർദേശം നൽകി.




