Connect with us

Kozhikode

ഇടതിനും വലതിനും വേണം, ജലീല്‍ പെരുമണ്ണയുടെ വരികള്‍

തിരഞ്ഞെടുപ്പ് സമാഗതമായാല്‍ വലിയ ഡിമാന്‍ഡാണ് ജലീല്‍ എഴുതുന്ന ഗാനങ്ങള്‍ക്ക്.

Published

|

Last Updated

പെരുമണ്ണ | പുതുപുത്തന്‍ ഈരടികളോടെ ജലീല്‍ പെരുമണ്ണയുടെ തൂലികയില്‍ വിരിയുന്ന പ്രചാരണ ഗാനങ്ങള്‍ക്ക് പ്രിയമേറുന്നു. പാട്ടെഴുത്തും ആലാപനവും കൊണ്ട് ശ്രദ്ധേയനായ ഈ യുവകലാകാരന്റെ വരികള്‍ ഇടതിനായാലും വലതിനായാലും ഒരുപോലെ വഴങ്ങും.

തിരഞ്ഞെടുപ്പ് സമാഗതമായാല്‍ വലിയ ഡിമാന്‍ഡാണ് ജലീല്‍ എഴുതുന്ന ഗാനങ്ങള്‍ക്ക്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് 90ഓളം പാട്ടുകളാണ് ജലീല്‍ ഇതുവരെ തയ്യാറാക്കി നല്‍കിയത്. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രധാനമായും ഇത്തവണ പാട്ട് എഴുതി നല്‍കിയത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ, എം കെ മുനീര്‍ എം എല്‍ എ തുടങ്ങിയവര്‍ക്കടക്കം 56 പാട്ടുകള്‍ ജലീല്‍ എഴുതിയിട്ടുണ്ട്.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ യു ഡി എഫിലെയും എല്‍ ഡി എഫിലെയും വിവിധ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പാട്ടും അനൗണ്‍സ്‌മെന്റും എഴുതി നല്‍കിയതും ജലീലാണ്.
മതപണ്ഡിതന്മാരെക്കുറിച്ചുള്ള അനുസ്മരണ ഗാനങ്ങളും മദ്ഹ് ഗാനങ്ങളുമടക്കം ആയിരത്തിന് മുകളില്‍ പാട്ടുകളാണ് 20 വര്‍ഷത്തിലധികമായി പാട്ടെഴുത്ത് രംഗത്തുള്ള ജലീലിന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞത്.

കഴിഞ്ഞ പത്ത് വര്‍ഷമായി സ്‌കൂള്‍ ഉപജില്ലാ കലോത്സവ വേദികളിലും സി ബി എസ് ഇ കലോത്സവ വേദികളിലും വിധികര്‍ത്താവായി തുടരുന്നു. എസ് എസ് എഫ് സാഹിത്യോത്സവുകളില്‍ നാട്ടിലും വിദേശത്തും വിധികര്‍ത്താവായി എത്തുന്ന ജലീല്‍ സാഹിത്യോത്സവ് തീം സോംഗുകളും മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടിയുള്ള തീം സോംഗും എഴുതി നല്‍കിയിട്ടുണ്ട്.
ചെറുവാടിയില്‍ നടന്ന ആള്‍ കേരള മാപ്പിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും വി എം കുട്ടി മാഷ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ ഗാനങ്ങൾ എഴുതുന്ന തിരക്കിനിടയിലും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ചുള്ള 110 ഇശല്‍ വരുന്ന സീറാപാട്ട് എഴുതുന്നതിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് ജലീൽ. 68 ഇശല്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മാപ്പിളകലകളെ നെഞ്ചോട് ചേര്‍ക്കുന്ന ജലീലിന്റെ ശേഖരത്തില്‍ ധാരാളം അറബി മലയാള കൃതികളുമുണ്ട്.

പെയിന്റിംഗ് ജോലി ചെയ്യുന്ന ജലീല്‍ ജോലി കഴിഞ്ഞതിന് ശേഷമാണ് പാട്ടെഴുത്തില്‍ മുഴുകുന്നത്. ഹിന്ദുസ്ഥാനിയിലും മാപ്പിളപ്പാട്ടിലും ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുന്നു. ചെറുപ്പം മുതലേ മാപ്പിളപ്പാട്ടിനോടുള്ള താത്പര്യമാണ് പാട്ടെഴുതാന്‍ പ്രേരണ നല്‍കിയതെന്ന് ജലീല്‍ പറഞ്ഞു. പെരുമണ്ണ സ്വദേശിയായ സമീറയാണ് ഭാര്യ. മര്‍കസ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ആഇശ റെന, മര്‍കസ് ഹാദിയ വിദ്യാര്‍ഥിനി ഫാത്വിമ ജഹാന മക്കളാണ്.

 

തയ്യാറാക്കിയത്: ബശീര്‍ വെള്ളായിക്കോട്

 

 

---- facebook comment plugin here -----

Latest