Kerala
പാലിയേറ്റീവ് കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം മാറി സംസ്‌കരിച്ചു
വിദേശത്തുള്ള ബന്ധു എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്

കൊച്ചി | പാലിയേറ്റീവ് കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം മാറി സംസ്‌കരിച്ചു. വിദേശത്തുള്ള ബന്ധു എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ഒടുവില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് യഥാര്‍ഥ ബന്ധുക്കള്‍ക്കു നല്‍കി.
പള്ളുരുത്തിയില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് മാറിപ്പോയത്. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ സൂക്ഷിച്ചത് വിദേശത്തുള്ള ബന്ധുവിനെ കാത്തായിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു എത്തി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയതായി അറിയുന്നത്.
ഉടനെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. ആന്റണിയുടെ മൃതദേഹത്തിനു പകരം ലഭിച്ചത് പള്ളുരുത്തി സ്വദേശി പീറ്ററിന്റെ മൃതദേഹമായിരുന്നു. അപ്പോഴേക്കും പീറ്ററിന്റെ മൃതദേഹമാണെന്ന് കരുത് ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയില്‍ നിന്നുള്ളവര്‍ കൊണ്ടുപോയി വ്യാഴാഴ്ച തന്നെ സംസ്‌കരിച്ചിരുന്നു. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ പൊതു ദര്‍ശനമുണ്ടായിരുന്നില്ല. ഇതാണ് മൃതദേഹം മാറിയ വിവരം തിരിച്ചറിയാതെ പോയതെന്നാണ് കരുതുന്നത്.
കാര്യം മനസ്സിലായതോടെ പാലീയേറ്റീവ് കേന്ദ്രം അധികൃതരും നാട്ടുകാരും ഇടപെട്ടു. അവര്‍ പള്ളുരുത്തിയിലെ മൃതദേഹം അടക്കിയ പള്ളിയിലെത്തി മൃതദേഹം മാറിയാണ് സംസ്‌കരിച്ചതെന്ന് അറിയിച്ചു. ഉടനെ പള്ളി അധികൃതര്‍ ഇരുകൂട്ടരും സംസാരിച്ച് ധാരണയില്ലെത്തി. പള്ളിയില്‍ സംസ്‌കരിച്ച ആന്റണിയുടെ മൃതദേഹം പോലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് കുമ്പളങ്ങിയിലേക്ക് കൊണ്ടുപോയി. കുമ്പളങ്ങിയിലെ പള്ളിയില്‍ ശുശ്രൂഷ നടത്തി സംസ്‌കരിച്ചു. പീറ്ററിന്റെ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്ന് പള്ളുരുത്തിയിലെ പള്ളിയില്‍ സംസ്‌കരിച്ചു.