Connect with us

literature

ഓർമകളുടെ കയ്പും മധുരവും

ഇന്നും അന്താരാഷ്ട്രതലത്തിൽ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് ലീ ഗുവാൻ ഷ്യാങ്. ചൈനീസ് സാഹിത്യത്തിൽ ഓർമക്കുറിപ്പുകൾക്കും ലേഖനങ്ങൾക്കും വലിയ സ്വീകാര്യത കൈവരുന്നത് ലീയുടെ രചനകൾ വെളിച്ചം കണ്ടതോടെയാണ്‌. ചൈനീസ് ഗദ്യസാഹിത്യത്തെ പുഷ്കലമാക്കുന്നതിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു.

Published

|

Last Updated

ആധുനിക ചൈനീസ് സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ് ലീ ഗുവാൻ ഷ്യാങ് (Li Guangtian). കവി, ഉപന്യാസകാരൻ എന്നീ നിലകളിൽ ദേശീയ പ്രശസ്തി നേടിയ അദ്ദേഹം ചൈനയിലെ ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ ചിത്രങ്ങളാണ് രചനകളിൽ പകർത്തിവെച്ചത്. 1906 ൽ ചൈനയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ലീ ഗുവാൻഷ്യാങ്ങിന്റെ ജീവിതം ആദ്യന്തം സംഭവബഹുലമായിരുന്നു. ചെറുപ്പം മുതലേ അനുഭവിക്കേണ്ടിവന്ന കൊടും ദാരിദ്ര്യം, തുടർന്ന് തൊഴിലില്ലായ്മയും നാടുകടത്തലും മാടമ്പി പ്രഭുക്കളുടെ പീഡനവും കാരാഗൃഹവാസവും എല്ലാത്തിനുമുപരി കുമിന്താങ് പോലീസിന്റെ നിരവധി വധശ്രമങ്ങളും… ഒന്നും പക്ഷെ അദ്ദേഹത്തിന്റെ ധിഷണയെ തളർത്തിയില്ല.

ചൈനയിലെ ദരിദ്ര ഗ്രാമീണ ജനതയുടെ പ്രതിനിധികളായ തൊഴിലാളികളുടെയും കൃഷീവലന്മാരുടെയും വക്താവ് എന്നാണ് ലീ ഗുവാൻ ഷ്യാങ്ങിനെ വിശേഷിപ്പിക്കുന്നത്. താനുൾപ്പെടുന്ന ആ നിസ്വജനവിഭാഗത്തിന്റെ സാമൂഹിക ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അത് സംബന്ധിച്ച നൂറുകണക്കിന് ശക്തമായ ലേഖനങ്ങൾ നിരവധി ആനുകാലികങ്ങളിൽ അദ്ദേഹം എഴുതി. ലേഖനങ്ങൾക്കു പുറമെ നോവലിലും കഥയിലും ലീ തന്റെ സർഗപ്രതിഭ തെളിയിച്ചിട്ടുണ്ട്. ഗ്യാലറി, വെള്ളിക്കുറുക്കൻ, വൈക്കോൽ തൊപ്പി, പടിഞ്ഞാറൻ യാത്ര, സ്ട്രോബെറി, സ്വർണപ്പാത്രം, പ്രതിധ്വനികൾ, സൂര്യനുകീഴെയുള്ള ഉപന്യാസങ്ങൾ എന്നിവയാണ് ഈ എഴുത്തുകാരന്റെ പ്രധാന പുസ്തകങ്ങൾ.

ബീജിംഗ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ലീ ഗുവാൻ ഷ്യാങ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ലേഖനങ്ങളും കവിതകളും എഴുതിക്കൊണ്ടായിരുന്നു തുടക്കം. 1929ൽ ഇടതുപക്ഷ സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. 1935ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചെങ്കിലും ചൈനയും ജപ്പാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജോലി നഷ്ടപ്പെടുകയും തുടർന്ന് നാടുകടത്തപ്പെടുകയും ചെയ്തു. പക്ഷേ, അപ്പോഴും എഴുത്ത് അദ്ദേഹം സജീവമായിത്തന്നെ നിലനിർത്തി. 1936ൽ ആദ്യ കവിതാ സമാഹാരം “Han Garden’ പ്രസിദ്ധീകരിച്ചു. അക്കാലത്ത് Gravitation എന്ന പേരിൽ ഒരു നോവൽ എഴുതി. തുടർന്ന് നിരവധി ഉപന്യാസങ്ങളും.

ആദ്യ ലേഖനം ഗ്യാലറി രാജ്യത്തെ ഗ്രാമീണരുടെ ദൈന്യ ജീവിതത്തെ ആവിഷ്കരിക്കുന്നു. തൊഴിലാളികളും ചെറുകിട കച്ചവടക്കാരും പഴങ്ങൾ വിൽക്കുന്നവരും പോർട്ടർമാരും നിറഞ്ഞ ചൈനയുടെ ഉൾനാടൻ ജീവിതത്തിന്റെ നേർസാക്ഷ്യങ്ങളാണ് ലീയുടെ എല്ലാ രചനകളും. യുദ്ധാനന്തരം ചില സർവകലാശാലകളിൽ അധ്യാപകനായ അദ്ദേഹം 1948ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങൾക്കിരയായ അദ്ദേഹം 1968 ൽ വിപ്ലവം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. ക്യുൻമിങ് പ്രവിശ്യയിലെ ഓർ തടാകക്കരയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിൽ ചാടി ലീ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

അങ്ങേയറ്റം കയ്പ്പ് നിറഞ്ഞതായിരുന്നു ലീ ഗുവാൻ ഷ്യാങ്ങിന്റെ കുട്ടിക്കാലം. സ്കൂളിൽ കഠിനമായ ശാരീരിക ശിക്ഷകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. വീട്ടുകാർക്ക് ലീയെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. സ്കൂളിൽ പോയി ജീവിതം പാഴാക്കുന്നതിനു പകരം വയലിൽ പണിയെടുക്കുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. വീട്ടിൽ മുത്തശ്ശി മാത്രമായിരുന്നു ലീയുടെ ഏക അഭയവും ആശ്വാസവും. അവർ അവനു കഥകൾ പറഞ്ഞുകൊടുത്തു, പട്ടവും പീപ്പിയും ഉണ്ടാക്കിക്കൊടുത്തു. ഒരിക്കൽ അവർ അവന് ഒരു കുരുവിക്കുഞ്ഞിനെ സമ്മാനിച്ചു. കൂട്ടിൽ നിന്നും എങ്ങനെയോ നിലത്തുവീണതായിരുന്നു അത്. അതിനെ തന്റെ കളിക്കൂട്ടുകാരനായാണ് ലീ സങ്കൽപ്പിച്ചത്. പക്ഷേ, വൈകുന്നേരം പണി കഴിഞ്ഞെത്തിയ അച്ഛന് കുരുവിക്കുഞ്ഞിനെ കണ്ടപ്പോൾ അരിശം പിടിക്കുകയാണുണ്ടായത്. അയാൾ അതിനെയെടുത്ത് തട്ടിൻപുറത്തേക്ക് വലിച്ചെറിഞ്ഞു. പാവം തോഴൻ എന്ന ലേഖനത്തിൽ അതിനെക്കുറിച്ചുള്ള ഓർമകളാണ് ലീ വിവരിക്കുന്നത്. ആ സമയത്ത് അച്ഛനോട് എത്ര കടുത്ത വെറുപ്പും ദേഷ്യവുമാണ് തന്റെയുള്ളിൽ തിളച്ചുപൊന്തിയിരുന്നതെന്ന് വെളിപ്പെടുത്തുന്ന എഴുത്തുകാരൻ പക്ഷേ, വർഷങ്ങൾക്കു ശേഷം താനൊരു അച്ഛനായപ്പോഴാണ് തന്റെ അച്ഛന്റെ ആ പെരുമാറ്റത്തിന് പിന്നിലെ മാനസികാവസ്ഥ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് തുറന്നു സമ്മതിക്കുന്നു. കഠിനമായ തണുപ്പും വിശപ്പും നിറഞ്ഞ, എത്രതന്നെ അധ്വാനിച്ചാലും ഒരു ഫലവും കിട്ടാത്ത ആശയറ്റ ഒരിരുണ്ട കാലത്തെ ചൈനയിലെ കുഗ്രാമങ്ങളിൽ നരകയാതന അനുഭവിച്ച ദരിദ്ര കൃഷീവലന്മാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. അത്തരമൊരു ജീവിതസാഹചര്യത്തിൽ പരുക്കന്മാരും കഠിന മനസ്കരുമായതിന് അവരെ കുറ്റം പറയാനാകില്ലെന്ന് ലീ പ്രസ്താവിക്കുന്നു. വളർത്താനുള്ള കഴിവില്ലാത്തതിനാൽ മാതാപിതാക്കൾ തന്നെ കുടുംബത്തിലെ ഒരമ്മാവനെ ഏൽപ്പിച്ച കഥയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ലാളിത്യവും നൈസർഗികതയുമാണ് ലീ ഗുവാൻ ഷ്യാങ്ങിന്റെ രചനകളുടെ പ്രധാന സവിശേഷത. ഹൃദയ ദ്രവീകരണ ക്ഷമതയുള്ള അവ വായനക്കാരെ വൈകാരികമായൊരു സവിശേഷ ഭൂമികയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പഴയകാലത്തെ ചൈനയുടെ ജനജീവിത ചിത്രങ്ങൾക്കൊപ്പം ആ നാടിന്റെ ഉൾത്തുടിപ്പുകളും ഒപ്പം ഭൂമിശാസ്ത്രപരമായ നുറുങ്ങറിവുകളും ഈ എഴുത്തുകാരൻ വായനക്കാർക്ക് നൽകുന്നുണ്ട്.
കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിതം ഹോമിച്ച മുൻതലമുറയോടുള്ള ആർദ്രതയും സഹാനുഭൂതിയും അദ്ദേഹത്തിന്റെ രചനകളെ മാനവികതയുടെ ഉദാത്തമായൊരു ഔന്നത്യത്തിലേക്കുയർത്തുന്നു. ഇന്നും അന്താരാഷ്ട്രതലത്തിൽ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് ലീ ഗുവാൻ ഷ്യാങ്. ചൈനീസ് സാഹിത്യത്തിൽ ഓർമക്കുറിപ്പുകൾക്കും ലേഖനങ്ങൾക്കും വലിയ സ്വീകാര്യത കൈവരുന്നത് ലീയുടെ രചനകൾ വെളിച്ചം കണ്ടതോടെയാണ്‌. ചൈനീസ് ഗദ്യസാഹിത്യത്തെ പുഷ്കലമാക്കുന്നതിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു.