From the print
ബിഹാര്‍ വോട്ടര്‍പ്പട്ടിക: പരാതികള്‍ ഇനിയും സ്വീകരിക്കുമെന്ന് തിര. കമ്മീഷന്‍ സുപ്രീം കോടതിയില്‍
എതിര്‍പ്പുകള്‍ അറിയിക്കാനുള്ള അവസാന തീയതിയായ സെപ്തംബര്‍ ഒന്നിന് ശേഷവും പരാതികളും എതിര്‍പ്പുകളും അറിയിക്കാം.

ന്യൂഡല്‍ഹി | ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും കരട് വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് അവകാശവാദങ്ങള്‍, എതിര്‍പ്പുകള്‍ സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. എതിര്‍പ്പുകള്‍ അറിയിക്കാനുള്ള അവസാന തീയതിയായ സെപ്തംബര്‍ ഒന്നിന് ശേഷവും പരാതികളും എതിര്‍പ്പുകളും അറിയിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
കരട് വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ചേര്‍ക്കുന്നതിനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ബഞ്ച് തയ്യാറായില്ല.
വോട്ടര്‍പ്പട്ടികയില്‍ ഓണ്‍ലൈന്‍ വഴി തിരുത്തലുകള്‍ നടത്തുന്നതിന് വോട്ടര്‍മാരെ സഹായിക്കാന്‍ പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയോഗിക്കണമെന്ന് ബിഹാര്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.