Connect with us

National

ഭീമ കൊറേഗാവ്: ആക്ടിവിസ്റ്റ് ഗൗതം നവ്ഖാലയുടെ വീട്ടുതടങ്കലിന് സുപ്രീം കോടതിയുടെ അനുമതി

ഒരു മാസത്തെ വീട്ടുതടങ്കലിൽ ഗൗതം നവ്‌ലാഖയെ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കോടതി

Published

|

Last Updated

ന്യൂഡൽഹി | ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കലിനുള്ള അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. പ്രഥമദൃഷ്ട്യാ മെഡിക്കൽ റിപ്പോർട്ട് തള്ളിക്കളയാൻ ഒരു കാരണവുമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. വീട്ടുതടങ്കൽ ഉത്തരവ് 48 മണിക്കൂറിനകം നടപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫും ഹൃഷികേശ് റോയിയും അടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

പോലീസുകാരെ ലഭ്യമാക്കുന്നതിനുള്ള ചെലവായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണക്കാക്കിയ ഏകദേശ തുകയായ 2.4 ലക്ഷം രൂപ കെട്ടിവെക്കാൻ ഗൗതം നവ്‌ലാഖയോട് ബെഞ്ച് നിർദേശിച്ചു.

ഒരു മാസത്തെ വീട്ടുതടങ്കലിൽ ഗൗതം നവ്‌ലാഖയെ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന മൊബൈൽ ഫോൺ പോലീസിന്റെ സാന്നിധ്യത്തിൽ ദിവസത്തിൽ ഒരിക്കൽ 10 മിനിറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 70 കാരനായ നഖ്‍വാല വീട്ടുതടങ്കൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. താൻ ചർമ്മ അലർജിയും ദന്ത പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും അർബുദം സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയനാകാൻ ഉദ്ദേശിക്കുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Latest