Connect with us

Articles

പിന്നാക്ക സംവരണം പടിക്കു പുറത്തോ?

 നിലവിലുള്ളവയേക്കാൾ കൂടുതൽ സർവകലാശാലകൾ സ്വകാര്യ മേഖലയിൽ സംസ്ഥാനത്ത് വരാൻ പോകുകയാണ്. ഇവയെ ലക്ഷ്യമാക്കി പുതിയ സ്വകാര്യ സർവകലാശാല ബില്ലും (കരട്) സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബില്ലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന പിന്നാക്ക സംവരണം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ വിട്ടുപോയതാണോ ബോധപൂർവം ഒഴിവാക്കിയതാണോ ?

Published

|

Last Updated

സംസ്ഥാനത്തെ ഇടതു സർക്കാറിന്റെ തീരുമാനമനുസരിച്ച് സ്വകാര്യ സർവകലാശാലകൾ വ്യാപകമായി ഇവിടെ ആരംഭിക്കാൻ പോവുകയാണ്. അടുത്ത അധ്യയന വർഷം മുതലാണ് പുതിയ കലാശാലകൾ ആരംഭിക്കുന്നത്. കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രബലരായ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്രൂപ്പുകൾ സർവകലാശാലകൾ കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മെഡിക്കൽ, ദന്തൽ, എൻജിനീയറിംഗ്, നിയമം, മാനേജ്‌മെന്റ്, സയൻസ്, തുടങ്ങിയ എല്ലാ ഉന്നത വിദ്യാഭ്യാസ മേഖലകളിലും വിഷയങ്ങളിലുമെല്ലാം ഈ സർവകലാശാലകൾ കടന്നുവരികയാണ്. ഒരു പക്ഷേ, നിലവിലുള്ള സർവകലാശാലകളേക്കാൾ കൂടുതൽ സ്വകാര്യ മേഖലകളിൽ സംസ്ഥാനത്ത് വരാൻ പേവുകയാണ്. ഇവയെ ലക്ഷ്യമാക്കി പുതിയ സ്വകാര്യ സർവകലാശാല ബില്ലും (കരട്) സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത വർഷം തന്നെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കേണ്ടതുള്ളതുകൊണ്ട് ധൃതി പിടിച്ചാണ് ഈ കരട് നിയമവും കൊണ്ടുവന്നിരിക്കുന്നത്. ബില്ലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന പിന്നാക്ക സംവരണം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ വിട്ടുപോയതാണോ ബോധപൂർവം ഒഴിവാക്കിയതാണോ എന്ന് വ്യക്തമല്ല. രാജ്യത്ത് ഒട്ടാകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഒരു പരിധിവരെ ഇന്ന് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തുന്നതിനായി ജാതി സെൻസസും ഇതിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് നടപടികളും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. ബിഹാറിൽ ജാതി സെൻസസ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക സംവരണം വർധിപ്പിക്കാനുള്ള തീരുമാനവും ഇതിനകം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യങ്ങൾ നിഷേധിച്ചും പിന്നാക്ക സംവരണം ഒഴിവാക്കിയും സംസ്ഥാനം സ്വകാര്യ സർവകലാശാല നിയമം (കരട്) പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ പട്ടിക ജാതി- പട്ടിക വർഗങ്ങൾക്ക് പുറമെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങളുണ്ട്. ഇവർ മറ്റ് പിന്നാക്ക വർഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ഓരോ സംസ്ഥാനത്തും സ്വന്തം രീതിയിലാണ് പിന്നാക്ക വർഗങ്ങളെ തിരിച്ചറിയുന്നത്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ ജാതി ശ്രേണിയിൽ പട്ടിക ജാതി- പട്ടിക വർഗങ്ങളേക്കാൾ ഉയർന്നവരാണ്. അതേസമയം അവർ ഉന്നത ജാതിക്കാർക്ക് വളരെ താഴെയുമാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും അവർ പിന്നാക്കാവസ്ഥയിലാണ്.

രാജ്യത്തെ ന്യൂപക്ഷങ്ങളിലും നല്ലൊരു ശതമാനം പിന്നാക്കക്കാരാണ്. ഇന്ത്യൻ ഭരണഘടനയുടെ 340ാം വകുപ്പ് പിന്നാക്ക വിഭാഗക്കാരുടെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നതിനും റിപോർട്ട് സമർപ്പിക്കുന്നതിനും കമ്മീഷനെ നിയമിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാകാ സാഹേബ് കലേൽകറുടെ നേതൃത്വത്തിൽ ഒരു പിന്നാക്ക കമ്മീഷനെ 1953ൽ ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുകയുണ്ടായി. രണ്ട് വർഷത്തിനകം ജോലി പൂർത്തിയാക്കിയ കമ്മീഷൻ 2,700 സമുദായങ്ങളെ ഉൾപ്പെടുത്തി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കി.  മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഉദ്യോഗ സംവരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എല്ലാ സാങ്കേതിക- പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വർഗ വിദ്യാർഥികൾക്ക് 17 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്ന് ഈ കമ്മീഷൻ ശിപാർശ ചെയ്തു. എന്നാൽ കാകാ കലേൽകർ കമ്മീഷൻ റിപോർട്ട് കേന്ദ്ര സർക്കാർ നിരാകരിക്കുകയാണ് ചെയ്തത്.1978ൽ പാർലിമെന്റ് അംഗമായ ബി പി മണ്ഡലിന്റെ അധ്യക്ഷതയിൽ രണ്ടാം പിന്നാക്ക വർഗ കമ്മീഷനെ ജനതാ ഗവൺമെന്റ് നിയമിച്ചു. മണ്ഡൽ കമ്മീഷൻ 1980ൽ അതിന്റെ റിപോർട്ട് സമർപ്പിക്കുകയും ചെയ്തു. സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നാക്കം നിൽക്കുന്ന 3,743 വർഗങ്ങളെയാണ് ഈ കമ്മീഷൻ തിരിച്ചറിഞ്ഞത്. കേന്ദ്ര സർവീസുകളിലും പൊതുമേഖലാ സ്ഥാപങ്ങളിലും ബേങ്കുകളിലും സർവകലാശാലകളിലും കോളജുകളിലും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ നിന്ന് സഹായം ലഭിക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും പിന്നാക്ക വർഗക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് മണ്ഡൽ കമ്മീഷൻ ശിപാർശ ചെയ്യുകയും ചെയ്തു. വി പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സർക്കാർ 1990 ആഗസ്റ്റിൽ മണ്ഡൽ കമ്മീഷന്റെ ശിപാർശകൾ സ്വീകരിച്ചു. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ച ഉയർന്നുവന്നു. പ്രതിഷേധങ്ങൾ അക്രമാസക്ത പ്രക്ഷോഭമായി മാറി.

സർക്കാറിന്റെ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പിന്നാക്ക വർഗക്കാരുടെ സംവരണവുമായി ബന്ധപ്പെട്ട്, മണ്ഡൽ കമ്മീഷൻ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ സംവരണ നിയമം സുപ്രീം കോടതി അംഗീകരിക്കുകയാണുണ്ടായത്. ഐതിഹാസികമായ ഇന്ദ്രാ സാഹ്‌നി കേസിലെ വിധി (1992) ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഒമ്പത് ജഡ്ജിമാരടങ്ങിയ പരമോന്നത കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസിൽ ദീർഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്:    1. ഭരണഘടനയിലെ അനുച്ഛേദം 16(4) പിന്നാക്ക വിഭാഗങ്ങളുടെ സർക്കാർ സർവീസുകളിലെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാനമായ നിയമമാണ്. 2. അനുച്ഛേദം 16(4) സൂചിപ്പിക്കുന്ന പിന്നാക്കാവസ്ഥ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമാണ്. 3. ഏതെങ്കിലും ഒരു വിഭാഗത്തിന് സംവരണം ഉറപ്പാക്കാനുള്ള മാനദണ്ഡം ആ  വർഗത്തിന് അർഹമായ പ്രാതിനിധ്യം സർക്കാർ സർവീസിൽ ലഭിച്ചിട്ടില്ല  എന്നതായിരിക്കണം.സുപ്രീം കോടതി വിധിയുടെയും കേന്ദ്ര സർക്കാർ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പിന്നാക്ക സംവരണം രാജ്യത്ത് നിലവിലുള്ളത്. ഭരണഘടനയുടെ മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൾ 16(4)ലെ ഒഴിവാക്കാൻ കഴിയാത്ത വ്യവസ്ഥയാണ് പിന്നാക്ക സംവരണം. അതുകൊണ്ട് തന്നെ ഈ ആനുകൂല്യം നിഷേധിക്കാൻ രാജ്യത്തെ ഒരു ഭരണകൂടത്തിനും യാതൊരു അധികാരവുമില്ല.  കേരളത്തിലേക്ക് തിരിച്ചുവരാം. ഇവിടെ ആരംഭിക്കാൻ പോകുന്ന സ്വകാര്യ സർവകാലശാലകൾക്കായുള്ള കരടുനിയമത്തിൽ പിന്നാക്ക സംവരണം ഇല്ല. സ്വാശ്രയ കോളജുകളിലേതിന് സമാനമായി പട്ടിക വിഭാഗ സംവരണം മാത്രമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ ഈ നിയമത്തിലെ ശിപാർശ. സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ സംവരണം ഉറപ്പാക്കാനുള്ള നിയമം ഇപ്പോൾ പലയിടങ്ങളിലും ഇല്ലെന്നും അതുകൊണ്ടാണ് ഈ നിയമത്തിലും ഈ വ്യവസ്ഥ ഉൾപ്പെടുത്താതിരുന്നതെന്നുമാണ് വ്യാഖ്യാനം.

പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടുമില്ല. നിലവിൽ എയ്ഡഡ് സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ പിന്നാക്ക സംവരണം ഇല്ല. 20 ശതമാനം പട്ടിക വിഭാഗ സംവരണം മാത്രമാണുള്ളത്. സർക്കാർ കോളജുകളിൽ 20 ശതമാനം ഒ ബി സി സംവരണമുണ്ട്. അതേസമയം എൻജിനീയറിംഗ്, മെഡിക്കൽ കോഴ്‌സുകളിൽ സ്വാശ്രയ മേഖലകളിൽ പിന്നാക്ക സംവരണമുണ്ട്. സ്വകാര്യ യൂനിവേഴ്‌സിറ്റികളിലെ അത്യാധുനിക കോഴ്‌സുകളിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രവേശനം ഉറപ്പാക്കാൻ കരട് നിയമത്തിൽ ഒരു വ്യവസ്ഥയുമില്ല. പുതിയ നിയമത്തിൽ പിന്നാക്ക സംവരണം ഉൾപ്പെടുത്തിയില്ലെങ്കിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം സാധ്യമല്ലാതെ വരുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. അതേസമയം സ്വകാര്യ യൂനിവേഴ്‌സിറ്റികൾ ആരംഭിക്കാൻ ആവശ്യമായ ഭൂമിയിൽ സംസ്ഥാനത്ത് ഇളവ് ലഭിക്കും. നഗരങ്ങളിൽ 20 ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമി ഉണ്ടാകണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഭൂമി വില കൂടുതലാണെന്നുള്ളതും നഗരങ്ങളിൽ 20 ഏക്കർ ഭൂമി കണ്ടെത്തുക പ്രയാസമാണെന്നുള്ളതും പരിഗണിച്ചാണ് ഇത്. തമിഴ്‌നാട്ടിൽ സ്വകാര്യ സർവകലാശാലകൾക്ക് 100 ഏക്കർ ഭൂമിയാണ് വേണ്ടത്. യു ജി സി ചട്ടപ്രകാരം 20 വർഷമായി പ്രവർത്തിക്കുന്നതും 3.26ന് മേൽ നാക് ഗ്രേഡ് ഉള്ളതുമായ സ്ഥാപനങ്ങൾക്കും സ്വയംഭരണ കോളജുകൾ, കോർപറേറ്റ് മാനേജുമെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവക്കെല്ലാം സ്വകാര്യ സർവകലാശാലക്ക് അപേക്ഷിക്കാം.   ഇപ്പോൾ കൊല്ലം, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ യൂനിവേഴ്‌സിറ്റികൾക്കായി തമിഴ്‌നാട്, കർണാടക, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വൻ ഗ്രൂപ്പുകൾ സജീവമായി രംഗത്തുണ്ട്. മെഡിക്കൽ, ദന്തൽ, എൻജിനീയറിംഗ്, നിയമം, മാനേജ്‌മെന്റ്, സയൻസ്, പാരാമെഡിക്കൽ എന്നിവയിലെല്ലാം ഉന്നത പഠന സൗകര്യം സ്വാശ്രയ യൂനിവേഴ്‌സിറ്റികളിൽ ഒരുക്കാൻ കഴിയും. സ്വകാര്യ യൂനിവേഴ്‌സിറ്റികൾക്ക് അഫിലിയേറ്റഡ് കോളജുകൾ ഇല്ല. എന്നാൽ അഞ്ച് വർഷം കഴിഞ്ഞാൽ ഓഫ് ക്യാമ്പസ് ആകാം. യു ജി സി അനുമതിയോടെ അത്യാധുനിക കോഴ്‌സുകൾ ഇവിടെ തുടങ്ങാൻ കഴിയും. സിലബസ്സ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവക്കെല്ലാം യൂനിവേഴ്‌സിറ്റിക്ക് അധികാരം ഉണ്ട്. സ്വകാര്യ സർവകലാശാലകൾക്ക് വിദൂരപഠനവും നൽകാൻ അധികാരമുണ്ട്. പിന്നാക്ക സംവരണം ഇപ്പോൾ ദേശീയ രാഷ്ട്രീയ രംഗത്തും സംസ്ഥാന രാഷ്ട്രീയത്തിലുമെല്ലാം പ്രധാന ചർച്ചാ വിഷയമാണ്. മുന്നാക്ക സംവണം ഫലപ്രദമായി നടപ്പാക്കുന്നതിന് ജാതി സെൻസസ് അനിവാര്യമായ ഒന്നാണെന്നും ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ബിഹാർ ജാതി സെൻസസ് ഇതിനകം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.  ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി പിന്നാക്ക സംവരണം വർധിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ് ബിഹാറിലെ നിതീഷ് കുമാർ സർക്കാർ. കേരളം, തമിഴ്‌നാട് അടക്കമുള്ള കോൺഗ്രസ്സും ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളും ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഉടൻ ജാതി സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് നടപടികളും കൈക്കൊള്ളണമെന്ന ശക്തമായ അഭിപ്രായവും ഉയർന്നുവന്നിരിക്കുകയാണ്. ഈ ആവശ്യം രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെതാണെന്ന വസ്തുത ആരും വിസ്മരിക്കരുത്.        നമ്മുടെ രാജ്യത്ത് പിന്നാക്ക ജനവിഭാഗവും പിന്നാക്കക്കാരിൽ ഉൾപ്പെടുന്ന ന്യൂനപക്ഷവും കൂടിച്ചേർന്നാൽ അവർ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം വരുമെന്നാണ് കണക്ക്. പട്ടിക ജാതി- പട്ടിക വർഗക്കാരെ കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ പിന്നാക്ക ജനവിഭാഗങ്ങൾ സംസ്ഥാനത്ത് 80 ശതമാനത്തിന് പുറത്തുവരും. ഈ അനുപാതം കേരളത്തിനും ബാധകമാണ്. മഹാ ഭൂരിപക്ഷം വരുന്ന ഈ പിന്നാക്ക ജന വിഭാഗക്കാരെ ബോധപൂർവം അവഗണിച്ചുകൊണ്ടാണ് സ്വകാര്യ സർവകാലാശാല കരട് നിയമം പിണറായി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തെ മഹാ ഭൂരിപക്ഷം ജനവിഭാഗത്തിന്റെയും ഏറ്റവും ശക്തമായ എതിർപ്പ് ഈ വിഷയത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ സ്വകാര്യ സർവകാലാശാല ബിൽ പാസ്സാക്കുമ്പോൾ പിന്നാക്ക സംവരണം കൂടി ഉൾപ്പെടുത്താൻ അടിയന്തരമായി സംസ്ഥാന സർക്കാർ തയ്യാറാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നണിയിൽ ആയിപ്പോയവരാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗം. സ്വകാര്യ സർവകലാശാലകൾ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയേക്കാം. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സർവകലാശാലകളിൽ നിന്ന് മാറ്റി നിർത്താനുള്ള ചില തത്പര കക്ഷികളുടെ ബോധപൂർവമായ നീക്കം സംസ്ഥാനത്തെ ജനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനും പോകുന്നില്ല.

(ലേഖകൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും കേരള സർവകലാശാല യൂനിയന്റെയും സർവകലാശാലാ യൂനിയനുകളുടെ ദേശീയ സമിതിയുടേയും മുൻ ചെയർമാനുമാണ്. ഫോൺ നമ്പർ: 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428