Kerala
പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടക്കേസുമായി കടകംപള്ളി സുരേന്ദ്രന്‍
15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗീക പീഡന പരാതി പോലീസ് അന്വേഷിക്കാന്‍ തീരുമനിച്ചതിനു പിന്നാലെ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എക്കെതിരെ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടക്കേസ്.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. എം മുനീറിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്. 15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നായിരുന്നു പോത്തന്‍കോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം മുനീര്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ബാലന്‍സ് ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ നീക്കത്തിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നത്.
കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിക്കാരി നേരിട്ട് പരാതി നല്‍കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിച്ചുവെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.