Kerala
കൃഷി ജീവിതം മാറ്റിയ കഥ പറഞ്ഞ് അപ്പുണ്ണി
കൃഷിയിൽ കൂടുതൽ സമയം മുഴുകാനായി രണ്ട് വർഷമായി ഓട്ടോ ഓടിക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
ചേളാരി | കൃഷിയിടത്തിലെ വിജയവഴിയിൽ നൂറുമേനി വിളയിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ. നടുത്തൊടി അപ്പുണ്ണിയാണ് ഈ വേറിട്ട കർഷകൻ. പ്രായം 64 ലെത്തിയെങ്കിലും കൃഷിയിടത്തിൽ അപ്പുണ്ണിക്ക് ഇന്നും ചെറുപ്പമാണ്. സ്ഥിരം പന്തലൊരുക്കി വർഷത്തിൽ മൂന്ന് തവണ ചിരങ്ങതൈകൾ നട്ടു പടർത്തിയാണ് ഇദ്ദേഹത്തിന്റെ കൃഷി രീതിയുടെ തുടക്കം.രാവിലെ ഏഴിന് കൃഷിയിടത്തിലെത്തിയാൽ മടങ്ങുന്നത് ഉച്ചയോടെയാണ്. തനിച്ചാണ് കൃഷിപ്പണിയെങ്കിലും സജീവ പിന്തുണയുമായി ഭാര്യയും രണ്ട് പെൺമക്കളും കൂട്ടിനുണ്ട്.
2003 മുതൽ ചേളാരിയിൽ ഡ്രൈവറാണ് അപ്പുണ്ണി. കൃഷിയിൽ കൂടുതൽ സമയം മുഴുകാനായി രണ്ട് വർഷമായി ഓട്ടോ ഓടിക്കാറില്ലെന്ന് ഇദ്ദേഹം പറയുന്നു. നേന്ത്രവാഴ, പാവക്ക, ചേമ്പ് തുടങ്ങി മറ്റു പല വിധ വിളകളും ഇതോടൊപ്പം കൃഷി ചെയ്യുന്നുണ്ട്. 80ലറെ കമുകുകളുണ്ട്. സീസണിൽ നെൽകൃഷിയും ഇറക്കാറുണ്ട്. വൈകുന്നേരങ്ങളിൽ കടലുണ്ടി കടലിൽ വല വീശി മീൻ പിടിത്തവുമുണ്ട്. ഇക്കുറി ഒരു ടണ്ണിലേറെ ചിരങ്ങ പറിച്ച് വിറ്റതായും അപ്പുണ്ണി പറഞ്ഞു.





