Kerala
'സത്യം ജയിക്കും, നിയമപരമായി നേരിടും'; പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ
തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് എതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിലപാട് വ്യക്തമാക്കിയത്.
“കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും,” രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉടൻ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. യുവതി നേരിട്ടെത്തിയാണ് തെളിവുകളുൾപ്പെടെയുള്ള പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും യുവതി പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് എ ഐ സി സിക്ക്, പ്രിയങ്കാ ഗാന്ധിക്ക് എന്നിവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പ്രത്യേക പരാതി നൽകിയിട്ടുണ്ട്.




