Aksharam Education
കേരളത്തിന്റെ നിയമസഭാ ചരിത്രം
കേരളത്തിന്റെ നിയമനിർമാണസഭ കേരള നിയമസഭ എന്നറിയപ്പെടുന്നു. ഏകമണ്ഡല സഭയാണ് കേരളനിയമസഭ അഥവാ ജനപ്രതിനിധിസഭ. തിരുവനന്തപുരമാണ് നിയമസഭയുടെ ആസ്ഥാനം. അഞ്ച് വർഷമാണ് കാലാവധി ആകെ അംഗങ്ങൾ
നമ്മുടെ നാട് ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മുക്തമാകുന്നതിന് മുമ്പ് തന്നെ കേരളത്തിൽ നിയമനിർമാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നുവെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ തുടക്കം കേരളത്തിലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്ക് വഴിമരുന്നിട്ടതെന്നും വേണമെങ്കിൽ പറയാം.
നാട്ടുരാജ്യങ്ങളുടെ നിയമനിർമാണ സഭ
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗ ലെജിസ്ലേറ്റീവ് കൗൺസിലിന് രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ വിളംബരം ചെയ്തത്. മൂന്ന് വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൗൺസിൽ സമ്മേളിച്ചു.
ഒന്പത് ബില്ലുകൾ ഇക്കാലയളവിൽ പാസ്സാക്കിയെങ്കിലും കേവലം നിർദേശങ്ങൾ മാത്രമായിരുന്നു അവ. 1898ൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗസംഖ്യ 15 ആയി ഉയർത്തി. 1904 ആയപ്പോഴേക്കും “ശ്രീമൂലം പ്രജാസഭ’ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭക്ക് രാജാവ് രൂപം നൽകി.
നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് പക്ഷെ അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നത് കൊണ്ട് ഭൂവുടമകളുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി പ്രജാസഭ. ഓരോ താലൂക്കിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തത്.
1905 മേയ് ഒന്നിന് വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകിയെങ്കിലും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമുള്ളവർക്ക് മാത്രമായിരുന്നു വോട്ടവകാശം. 1932ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെയാണ് രണ്ട് സഭകളും ഇല്ലാതായത്. പിന്നീട് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി നിലവിൽ വന്നു. 1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി.
തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ള ആ സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിൽ നിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങൾ തിരു- കൊച്ചി സഭയിലുണ്ടായിരുന്നു.
രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തിൽ തിരു- കൊച്ചി നിയമസഭയിലേക്ക് 1951ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സർക്കാർ അധികാരമേറ്റു.
ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ചുരുങ്ങിയ കാലയളവിൽ മൂന്ന് മന്ത്രിസഭകൾ കൂടി നിലവിൽവന്നു. 1956 മാർച്ച് മൂന്ന് മുതൽ തിരു-കൊച്ചി രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
കേരളം പിറക്കുന്നു
കേരള സംസ്ഥാനം പിറന്ന ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 1957 ലായിരുന്നു നടന്നത്. ആ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. ഏപ്രിൽ അഞ്ചിന് ഇ എം എസ് നമ്പൂതിരിപ്പാട് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി. അതോടെ 155 ദിവസം നീണ്ട രാഷ്ട്രപതി ഭരണത്തിനും അവസാനമായി. ഏഷ്യയിൽ ആദ്യമായി ബാലറ്റിലൂടെ (ജനാധിപത്യ പ്രക്രിയയിലൂടെ) അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഇ എം എസ് മന്ത്രിസഭയാണ്.
പിന്നീട് പ്രതിപക്ഷം നടത്തിയ വിമോചന സമരത്തെ തുടർന്ന് 847 ദിവസത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് 1959 ജൂലൈ 31ന് ഇം എം എസ് മന്ത്രിസഭയെ പുറത്താക്കി രാഷ്ട്രപതിഭരണം വന്നു. ഭരണഘടനയുടെ 356ാം അനുഛേദമനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ ബാലറ്റ് സർക്കാറാണ് ഇ എം എസിന്റേത്. അതോടെ കേരളം രണ്ടാമതും രാഷ്ട്രപതിഭരണത്തിൻ കീഴിലായി. പിന്നീട് 1960 ഫെബ്രുവരി ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ പി എസ് പി – കോൺഗ്രസ്സ് സഖ്യം ഭൂരിപക്ഷം നേടി. 1960 ഫെബ്രുവരി 22ന് പി എസ് പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായതോടെ 206 ദിവസം നീണ്ട രണ്ടാമത്തെ രാഷ്ട്രപതി ഭരണം അവസാനിച്ചു.
947 ദിവസം മാത്രം അധികാരത്തിലിരുന്ന പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിക്കപ്പെട്ടതോടെ 1962 സെപ്തംബർ 26ന് രാജിവെച്ചു. തുടർന്ന് കോൺഗ്രസ്സിലെ ആർ ശങ്കർ 715 ദിവസം മുഖ്യമന്ത്രിയായി. കോൺഗ്രസ്സിലെ ഭിന്നിപ്പ് ശങ്കർ മന്ത്രിസഭക്ക് ഭീഷണിയായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. 1964 സെപ്തംബർ പത്ത് മുതൽ 195 ദിവസം കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ തലത്തിൽ സി പി ഐ- സി പി എം പാർട്ടികളായി പിളർന്നു. പിന്നീട് 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ വീണ്ടും രാഷ്ട്രപതി ഭരണം വന്നു. 1967 മാർച്ച് ആറ് വരെ രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു കേരളം.
കേരളത്തിൽ ഇതുവരെ 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും 13 നിയമസഭകൾ മാത്രമേ നിലവിൽ വന്നിട്ടുള്ളൂ. 1965ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് മാർച്ച് 17ന് നിയമസഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ 24ന് തന്നെ പിരിച്ചുവിട്ടു. പിണറായി വിജയൻ കേരളത്തിലെ 12ാമത്തെ മുഖ്യമന്ത്രിയാണ്. ഇതുവരെയുള്ള മന്ത്രിസഭകളിൽ അഞ്ച് വർഷം തികച്ചു ഭരിച്ചത് ഏഴ് മന്ത്രിസഭകൾ മാത്രമാണ്.
(തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്ത അക്ഷരത്തിൽ)




