Kerala
രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ്: അഞ്ചു പ്രതികളുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു.
കൊച്ചി| കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.
കണ്ണനല്ലൂര്‍ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷന്‍ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. 25 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്. കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നും സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പറയുന്നു.
2018 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു രഞ്ജിത് ജോണ്‍സനെ കൊലപ്പെടുത്തിയത്. പ്രാവ് വാങ്ങാനെന്ന വ്യാജേന ഗുണ്ടാസംഘം രഞ്ജിതിന്റെ വീട്ടിലെത്തി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ ക്വാറിയില്‍ മാലിന്യത്തില്‍ മൃതദേഹം തള്ളി. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.



