Kerala
വാണിയംകുളത്ത് ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി സ്ഥാപനത്തിന്റെ ഉടമ സന്തോഷ് പറഞ്ഞു.
പാലക്കാട്|പാലക്കാട് വാണിയംകുളത്ത് അജപാമഠത്തിന് സമീപം ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ തീപിടുത്തം. അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫര്‍ണീച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ ആളിപ്പടര്‍ന്നത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി സ്ഥാപനത്തിന്റെ ഉടമ സന്തോഷ് പറഞ്ഞു. നിര്‍മ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉള്‍പ്പെടുന്ന ഫര്‍ണിച്ചറുകളാണ് കത്തി നശിച്ചത്.
തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടര്‍ന്നിരുന്നു. ഉടന്‍ ഷൊര്‍ണൂരില്‍ നിന്നും പട്ടാമ്പിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി. രാവിലെ ആറുമണിവരെ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. തീപിടുത്തത്തില്‍ ഷെഡ് പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



