Connect with us

International

ഓപ്പൺ എ ഐ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു; സുരക്ഷാ വീഴ്ച മിക്സ്പാനലിൽ

പാസ്‌വേഡുകൾ സുരക്ഷിതം. ജാഗ്രത പാലിക്കാൻ നിർദേശം

Published

|

Last Updated

സാൻ ഫ്രാൻസിസ്കോ|ഓപ്പൺ എ ഐയുടെ ഡാറ്റാ അനലിറ്റിക്സ് സേവന ദാതാക്കളായ മിക്സ്പാനൽ പ്ലാറ്റ്ഫോമിലുണ്ടായ സൈബർ സുരക്ഷാ വീഴ്ചയെ തുടർന്ന് എ പി ഐ ഉപയോഗിക്കുന്ന ചില ഉപയോക്താക്കളുടെ പരിമിതമായ വ്യക്തിവിവരങ്ങൾ ചോർന്നതായി കമ്പനി അറിയിച്ചു. സംഭവം മിക്സ്പാനലിന്റെ സിസ്റ്റങ്ങളിൽ സംഭവിച്ചതാണ്. ചാറ്റ് ജി പി ടി ഉൾപ്പെടെയുള്ള സ്വതന്ത്ര സിസ്റ്റങ്ങളിൽ ലംഘനമുണ്ടായിട്ടില്ല. ഉപയോക്താക്കളുടെ ചാറ്റുകൾ, എ പി ഐ കീകൾ, പാസ്‌വേഡുകൾ, പേയ്മെന്റ് വിവരങ്ങൾ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി.

നവംബർ ഒമ്പതിനാണ് മിക്സ്പാനൽ സിസ്റ്റത്തിലേക്ക് അനധികൃതമായി ഹാക്കർ പ്രവേശിച്ചത്. പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, ഉപയോഗിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസർ വിവരങ്ങൾ എന്നിവയാണ് ചോർന്നത്. സംഭവം അറിഞ്ഞയുടൻ മിക്സ്പാനലിന്റെ സേവനങ്ങൾ ഒഴിവാക്കിയതായും ബാധിച്ച ഡാറ്റ പരിശോധിച്ചതായും ഓപ്പൺ എ ഐ അറിയിച്ചു. മിക്സ്പാനലുമായുള്ള സഹകരണം പൂർണമായും അവസാനിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾ പുറത്തുപോയ സാഹചര്യത്തിൽ ഫിഷിംഗ്, വ്യാജ സന്ദേശങ്ങൾ തുടങ്ങിയ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം. ഔദ്യോഗിക ഡൊമെയ്‌നിൽ നിന്നല്ലാത്ത സന്ദേശങ്ങൾക്കും ഇമെയിലുകൾക്കും പ്രത്യേക ശ്രദ്ധ നൽകണം. എ പി ഐ കീകൾ, ഒ ടി പി, പാസ്‌വേഡുകൾ എന്നിവ ഓപ്പൺ എ ഐ ഒരിക്കലും ചോദിക്കില്ലെന്ന് കമ്പനി ഓർമിപ്പിച്ചു.

 

റിപ്പോർട്ട്: ഇസ്മാഈൽ കക്കാട്

---- facebook comment plugin here -----

Latest