Kerala
ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ; ചെറുപ്പുളശ്ശേരി സി ഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
അനാശാസ്യത്തിന് അറസ്റ്റിലായ ഒരു യുവതിയെ ഡി വൈ എസ് പി പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.
പാലക്കാട് | ചെറുപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ് എച്ച് ഒ) സി ഐയുമായിരുന്ന കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഒരു ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.നിലവിൽ കോഴിക്കോട് ഡിവൈ എസ് പി ആയ ഉമേഷിനെതിരെയാണ് ആരോപണങ്ങൾ.
അനാശാസ്യത്തിന് അറസ്റ്റിലായ ഒരു യുവതിയെ ഉമേഷ് പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പ്രധാന ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാസമയത്ത് പോയാണ് ഡിവൈ എസ് പി ഈ അതിക്രമം നടത്തിയത് എന്നും 32 പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഈ മാസം പതിനഞ്ചിനാണ് സി ഐ ബിനു തോമസിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ക്വാർട്ടേഴ്സിലേക്ക് പോയതായിരുന്നു അദ്ദേഹം. തിരികെ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനു തോമസ് ചെറുപ്പുളശ്ശേരിയിൽ ചുമതലയേറ്റത്.




