National
വിദേശ ആസ്തികൾ വെളിപ്പെടുത്താത്തവർക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; എസ് എം എസും ഇമെയിലും അയക്കും
കഴിഞ്ഞ വർഷവും ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ ഇ ഒ ഐ) ചട്ടക്കൂടിന് കീഴിൽ വിദേശ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തതും എന്നാൽ അസസ്‌മെന്റ് വർഷം 2024-25-ലെ ഐ ടി ആറിൽ വെളിപ്പെടുത്താത്തതുമായ വിദേശ ആസ്തിയുള്ള നികുതിദായകർക്ക് വകുപ്പ് എസ് എം എസ്/ഇമെയിൽ അയച്ചിരുന്നു
ന്യൂഡൽഹി | 2025-26 അസസ്മെന്റ് വർഷം സമർപ്പിച്ച ആദായ നികുതി റിട്ടേണുകളിൽ വിദേശ ആസ്തികൾ റിപ്പോർട്ട് ചെയ്യാത്ത ‘അതി ജാഗ്രത വേണ്ട’ കേസുകൾ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. നികുതി വെട്ടിപ്പ് ഒഴിവാക്കാൻ ഡിസംബർ 31-നകം പുതുക്കിയ ഐ ടി ആർ ഫയൽ ചെയ്യാൻ നിർദ്ദേശിച്ച് ഇത്തരത്തിലുള്ള നികുതിദായകർക്ക് എസ് എം എസ്, ഇമെയിൽ സന്ദേശങ്ങൾ അയക്കാൻ തീരുമാനിച്ചു. നവംബർ 28 മുതൽ സന്ദേശം അയച്ചു തുടങ്ങും.
കഴിഞ്ഞ വർഷവും ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ ഇ ഒ ഐ) ചട്ടക്കൂടിന് കീഴിൽ വിദേശ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തതും എന്നാൽ അസസ്‌മെന്റ് വർഷം 2024-25-ലെ ഐ ടി ആറിൽ വെളിപ്പെടുത്താത്തതുമായ വിദേശ ആസ്തിയുള്ള നികുതിദായകർക്ക് വകുപ്പ് എസ് എം എസ്/ഇമെയിൽ അയച്ചിരുന്നു. ഇതേ തുടർന്ന് 24,678 നികുതിദായകർ ഐ ടി ആറുകൾ പുനഃപരിശോധിക്കുകയും, 2024-25 അസസ്‌മെന്റ് വർഷത്തിൽ 29,208 കോടി രൂപയുടെ വിദേശ ആസ്തികളും 1,089.88 കോടി രൂപയുടെ വിദേശ സ്രോതസ്സിൽ നിന്നുള്ള വരുമാനവും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ്സ് (സി ആർ എസ്) പ്രകാരം പങ്കാളിത്തമുള്ള രാജ്യങ്ങളിൽ നിന്നും, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (എഫ് എ ടി സി എ) പ്രകാരം യു എസിൽ നിന്നും ഇന്ത്യൻ താമസക്കാരുടെ വിദേശ സാമ്പത്തിക ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) സ്വീകരിക്കുന്നുണ്ട്. ഈ വിവരങ്ങൾ പൊരുത്തക്കേടുകൾ തിരിച്ചറിയാനും നികുതിദായകരെ കൃത്യസമയത്ത് നികുതി അടക്കുന്നതിലേക്ക് നയിക്കാനും സഹായിക്കുന്നു. ഐ ടി ആറുകളിലെ ഷെഡ്യൂൾ ഫോറിൻ അസറ്റ്സ് (എഫ് എ), ഫോറിൻ സോഴ്സ് ഇൻകം (എഫ് എസ് ഐ) എന്നിവയിൽ കൃത്യമായ റിപ്പോർട്ടിങ് സുഗമമാക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
1961-ലെ ആദായ നികുതി നിയമം, 2015-ലെ ബ്ലാക്ക് മണി (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) ആക്ട് എന്നിവ പ്രകാരം വിദേശ ആസ്തികളും വരുമാനവും കൃത്യമായി വെളിപ്പെടുത്തുന്നത് നിയമപരമായ ആവശ്യകതയാണെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.




