Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി; ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും
ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് പരാതി കൈമാറുകയായിരുന്നു എന്നാണ് വിവരം.
തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് എതിരെ പരാതി നൽകി യുവതി. മുഖ്യമന്ത്രിക്കാണ് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് പരാതി കൈമാറുകയായിരുന്നു എന്നാണ് വിവരം.
തെളിവുകൾ സഹിതം നലകിയ പരാതി വിശദമായ അന്വേഷണത്തിനായി ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ തുടങ്ങിയ തെളിവുകളാണ് യുവതി പരാതിക്കൊപ്പം കൈമാറിയത് എന്നാണ് വിവരം.
യുവതിയും രാഹുലും തമ്മിലുള്ള ചാറ്റുകളും സംഭാഷണങ്ങളും നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ പരാതി നൽകട്ടെ എന്നും അതിനെ നിയമപരമായി നേരിടുമെന്നുമാണ് രാഹുൽ ഇതിനോട് പ്രതികരിച്ചിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് എ ഐ സി സിക്കും, പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകിയിരുന്നു. രാഹുലിന് എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ആണ് പരാതി നൽകിയത്.
സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.




