International
ഹോങ്കോങ് തീപിടിത്തം: 55 മരണം, നൂറുകണക്കിന് ആളുകളെ കാണാനില്ല; മൂന്ന് പേർ അറസ്റ്റിൽ
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം എട്ട് കെട്ടിടങ്ങളുള്ള ഭവന സമുച്ചയത്തിൽ ആരംഭിച്ച തീ വ്യാഴാഴ്ചയും അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഹോങ്കോങ് | ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം എട്ട് കെട്ടിടങ്ങളുള്ള ഭവന സമുച്ചയത്തിൽ ആരംഭിച്ച തീ വ്യാഴാഴ്ചയും അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
2,000 അപ്പാർട്ട്‌മെന്റുകളുള്ള ഭവന സമുച്ചയത്തിലാണ് തീ പടർന്നുപിടിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതും ഉയരമുള്ളതുമായ കെട്ടിടങ്ങളുള്ള ഹോങ്കോങ്ങിനെ ഇത് ഞെട്ടിച്ചിരിക്കുകയാണ്.
തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി വ്യാഴാഴ്ച പുലർച്ചെ പൊലീസ് അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി വെച്ച തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിയന്ത്രണാതീതമായി തീ പടരാൻ കാരണമായെന്നും പൊലീസ് വ്യക്തമാക്കി.
56 പേരെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 16 പേർ അതീവ ഗുരുതരാവസ്ഥയിലും 24 പേർ ഗുരുതരവസ്ഥയിലും 16 പേർ സുരക്ഷിതരാണെന്നും സർക്കാർ വക്താവ് അറിയിച്ചു. 279 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സിറ്റി ലീഡർ ജോൺ ലീ വ്യാഴാഴ്ച പുലർച്ചെ പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് അഗ്നിശമന സേനാംഗങ്ങൾ ചിലരുമായി ബന്ധപ്പെട്ടതായി അറിയിച്ചു. 900-ൽ അധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിൽ അഭയം തേടിയതായും ലീ പറഞ്ഞു.





