Connect with us

Editors Pick

ഹോങ്കോങിൽ തീ പടർത്തിയത് മുളത്തട്ടുകളോ നിലവാരമില്ലാത്ത ചൈനീസ് വലകളോ? കാരണം തേടി അധികൃതർ

തീ, മുളകൊണ്ടുള്ള തട്ടുകളിലൂടെയും വലകൾ കൊണ്ട് മൂടിയ മേൽക്കൂരകളിലൂടെയും അതിവേഗം പടർന്നതായി ഹോങ്കോങ്ങിൽ നിന്നുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തീവ്രമായ തീപിടിത്തത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തായിരിക്കും എന്ന ചോദ്യമുയർന്നു.

Published

|

Last Updated

ഹോങ്കോങ് | ചൈനീസ് ഭരണമേഖലയിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്ന ഹോങ്കോങ്ങിലെ ഒരു ഉയരം കൂടിയ റെസിഡൻഷ്യൽ സമുച്ചയത്തിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ 55 പേരാണ് ഇതുവരെ മരിച്ചത്. ഏകദേശം 300 പേരെ കാണാതാവുകയും ചെയ്തു. തീ എങ്ങനെയാണ് ഇത്രയും വേഗം പടർന്നതെന്ന് കണ്ടെത്താൻ അധികൃതർ ശ്രമിക്കുമ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുളകൊണ്ടുള്ള തട്ടുകളാണോ (Bamboo Scaffolding) അതോ നിലവാരം കുറഞ്ഞ ചൈനീസ് നിർമ്മാണ വലകളാണോ (Construction Nets) ഈ ദുരന്തത്തിന് വേഗം പകർന്നതെന്ന ചർച്ചയിലാണ് വിദഗ്ധർ.

തീ, മുളകൊണ്ടുള്ള തട്ടുകളിലൂടെയും വലകൾ കൊണ്ട് മൂടിയ മേൽക്കൂരകളിലൂടെയും അതിവേഗം പടർന്നതായി ഹോങ്കോങ്ങിൽ നിന്നുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തീവ്രമായ തീപിടിത്തത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്തായിരിക്കും എന്ന ചോദ്യമുയർന്നു. “ഹോങ്കോങ് ഇപ്പോഴും എന്തിനാണ് മുളകൊണ്ടുള്ള തട്ടുകൾ ഉപയോഗിക്കുന്നത്” എന്ന ഹാഷ്ടാഗ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ട്രെൻഡിംഗ് ആയി. മുളയുടെ ഉപയോഗം നിരോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. മുളകൊണ്ടുള്ള തട്ടുകളുടെ ഉപയോഗം നിരോധിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് കഴിഞ്ഞ ജൂലൈയിൽ ഹോങ്കോങ് തൊഴിൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ചിലർ മുളയെ പഴിക്കുമ്പോൾ, പ്രദേശവാസികളായ മറ്റുചിലർ പറയുന്നത്, മുള ശക്തവും തീപിടിക്കാത്തതുമാണെന്നും, നിലവാരം കുറഞ്ഞ ചൈനീസ് വലകളാണ് തീ പടർത്തിയതെന്നുമാണ്.

ഹോങ്കോങ്ങിൽ സംഭവിച്ചത്

നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി മുളകൊണ്ടുള്ള തട്ടുകളും പച്ച വലകളും കൊണ്ട് പൊതിഞ്ഞ ഒരു പൊതു പാർപ്പിട സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ആരംഭിച്ചത്. തീ ആളിപ്പടർന്ന 31 നിലകളുള്ള കെട്ടിടങ്ങളിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിയതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ചയോടെ മരണസംഖ്യ 55 ആയി ഉയർന്നു. നൂറുകണക്കിന് ആളുകളെ കാണാതായി.

‘വലിയ അശ്രദ്ധ’ കാണിച്ചതിനും നിലവാരം കുറഞ്ഞ സാധനങ്ങൾ, തീപിടിക്കുന്ന വലകൾ, ഫോം-ബോർഡ് ജനലുകൾ എന്നിവ ഉപയോഗിച്ചതിനും നിർമ്മാണ കമ്പനിയിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് കമ്പനി ഡയറക്ടർമാരും ഒരു കൺസൾട്ടന്റും ഉൾപ്പെടുന്നു.

അപാർട്ട്‌മെന്റ് സമുച്ചയത്തിലെ നിരവധി ജനലുകൾ മറച്ച നിലയിൽ കണ്ടെത്തിയ തീപിടിക്കുന്ന പോളിസ്റ്റൈറീൻ ബോർഡുകളിൽ നിർമ്മാണ കമ്പനിയുടെ പേര് കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത മുളത്തട്ടുകൾ അപകടകരമാവുന്നത് എന്തുകൊണ്ട്?

മുളകൊണ്ടുള്ള തട്ടുകൾ പതിറ്റാണ്ടുകളായി ഹോങ്കോങ്ങിന്റെ നിർമ്മാണ രംഗത്തിന്റെ മുഖമുദ്രയാണ്. ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതും വഴക്കമുള്ളതും ഇടുങ്ങിയ തെരുവുകളിൽ പോലും വേഗത്തിൽ സ്ഥാപിക്കാൻ കഴിയുന്നതുമായതിനാൽ ആധുനിക ലോഹത്തട്ടുകളെക്കാൾ മുളയാണ് ഇവിടെ തിരഞ്ഞെടുക്കുന്നത്. വാണിജ്യപരമായ കെട്ടിടങ്ങൾക്കും മെട്രോ നഗരങ്ങളിലുമൊഴികെ ഇന്ത്യയിലും മുളത്തട്ടുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

എന്നാൽ, ഉയരം കൂടിയ കെട്ടിടങ്ങളിൽ മുളയുടെ ജ്വലനശേഷി വലിയ അപകടമാണെന്ന് വിമർശകർ വാദിക്കുന്നു. മുള തീർച്ചയായും പെട്ടെന്ന് തീപിടിക്കുന്ന വസ്തുവാണെന്ന് ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഷിൻയാൻ ഹുവാങ് സി എൻ എന്നിനോട് പറഞ്ഞു. വളരെ വരണ്ട കാലാവസ്ഥയിൽ ഇത് തീപിടിച്ചാൽ തീയുടെ വ്യാപനം വളരെ വേഗത്തിലായിരിക്കും. മുളത്തട്ടുകൾ ലംബമായി സ്ഥാപിക്കുന്നതിനാൽ, തീ അതിവേഗം മുകളിലേക്ക് പടർന്ന് ഒരു തീ ഗോവണിയായി മാറുന്നു.

തീപിടിത്തത്തിന് പിന്നിലെ രഹസ്യ ഇന്ധനം ചൈനീസ് വലകളോ?

എന്നാൽ തീപിടിത്തത്തിന് മുളയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് പല വിദഗ്ധരും ഉദ്യോഗസ്ഥരും പ്രദേശവാസികളും പറയുന്നു. തീയുടെ തീവ്രതയ്ക്ക് കാരണം നിലവാരം കുറഞ്ഞ, പെട്ടെന്ന് തീപിടിക്കുന്ന വലകളും പ്ലാസ്റ്റിക് ഷീറ്റുകളും ഫോം ഇൻസുലേഷനും ആകാനാണ് സാധ്യതയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി സമയത്ത് ഇവയെല്ലാം ഉപയോഗിച്ചിരുന്നു. കെട്ടിടത്തിന്റെ പുറം ഭിത്തികളിൽ സംരക്ഷിത വലകൾ, സംരക്ഷിത ഫിലിമുകൾ, വാട്ടർപ്രൂഫ് ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ പോലുള്ള ‘അസാധാരണമായ’ വസ്തുക്കൾ പ്രാദേശിക അഗ്നിശമന സേന കണ്ടെത്തിയതായി ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ടാങ് പിങ്-കെയുങ് റിപ്പോർട്ട് ചെയ്തു.

മുളകൊണ്ടുള്ള തട്ടുകൾ 14 മണിക്കൂറോളം തീയെ പ്രതിരോധിച്ചപ്പോൾ, നിലവാരമില്ലാത്ത നിർമ്മാണ വലകൾ അതിശക്തമായി കത്തുകയും സെക്കൻഡുകൾക്കുള്ളിൽ തീ പടർത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുളയുടെ ഘടനാപരമായ രൂപം തീപിടിത്തത്തിന് കാരണമായിരിക്കാമെങ്കിലും, പ്രധാനമായും പ്ലാസ്റ്റിക് വലകൾ, പ്ലാസ്റ്റിക് ഷീറ്റിംഗ്, പോളിസ്റ്റൈറീൻ തുടങ്ങിയ നിലവാരം കുറഞ്ഞ വസ്തുക്കളാണ് തീക്ക് ഇന്ധനമായതെന്ന് ഓസ്‌ട്രേലിയൻ ഫയർ സേഫ്റ്റി എഞ്ചിനീയർ അലക്സ് വെബ് അഭിപ്രായപ്പെട്ടു.

ചെലവ് കുറക്കുന്നതിനായി അതിർത്തി കടന്ന് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ മാലിന്യങ്ങളാണ് ഇവയെന്നാണ് ചിലരുടെ ആരോപണം. പൂർണ്ണമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ഒരു വസ്തുവിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ ഹോങ്കോങ് അഗ്നിശമന സേനാംഗം റെയ്മണ്ട് ച്യൂങ് പറയുന്നു.

താൽക്കാലികമായി, ഹോങ്കോങ് സർക്കാർ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും മുളത്തട്ടുകളും വലകളും ഉപയോഗിക്കുന്ന നിർമ്മാണ പദ്ധതികളിൽ അടിയന്തിര പരിശോധനകൾക്ക് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം, പുതിയ പൊതുമരാമത്ത് കരാറുകളിൽ കുറഞ്ഞത് 50% എങ്കിലും ലോഹത്തട്ടുകളിലേക്ക് മാറാൻ സർക്കാർ നിർബന്ധമാക്കിയിരുന്നുവെങ്കിലും മുളയുടെ ഉപയോഗം പൂർണ്ണമായി നിരോധിച്ചിരുന്നില്ല. എങ്കിലും, നിലവാരം കുറഞ്ഞ വലകളും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകളും ചേർന്നതാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

Latest