Connect with us

National

24 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ഒരേയൊരു നേതാവ്; മോദിയെ വാനോളം പുകഴ്ത്തി അമിത് ഷാ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ മോദിയുടെ അചഞ്ചലമായ പ്രതിബദ്ധതക്ക് സമാനതകളില്ലെന്നും അദ്ദേഹം

Published

|

Last Updated

ന്യൂഡൽഹി | കഴിഞ്ഞ 24 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ഒരേയൊരു നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ചുകൊണ്ട് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ മോദിയുടെ അചഞ്ചലമായ പ്രതിബദ്ധതക്ക് സമാനതകളില്ലെന്നും അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി മോദിയുടെ അടുത്ത സഹപ്രവർത്തകനും രാഷ്ട്രീയ വിശ്വസ്തനുമാണ് അമിത് ഷാ.

“കഴിഞ്ഞ 24 വർഷത്തിനിടെ ഒരു അവധി പോലും എടുക്കാത്ത ഒരാളെ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്” – അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സമർപ്പണം ആകസ്മികമായി സംഭവിക്കുന്നതല്ല. അത് പൊതുസേവനത്തോടുള്ള പൂർണ്ണമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി മോദിയാണെന്നും ഷാ പ്രശംസിച്ചു. ഇന്ത്യയും ലോകവും വിശ്വസിക്കുന്നത് മോദി ഇതുവരെയുള്ളതിൽ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്നാണ്. ഒരു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹമെന്നും അമിത് ഷാ പറഞ്ഞു.

മോദിക്ക് മുമ്പ് ഇന്ത്യയുടെ വിദേശനയത്തിന് നട്ടെല്ല് ഇല്ലായിരുന്നെന്നും, അത് നൽകിയത് മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.  ചരിത്രകാരന്മാർ വിവിധ പ്രധാനമന്ത്രിമാരെ താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും വലിയ നേട്ടങ്ങൾ മോദിയുടെ ഭരണകാലത്തായിരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest