price hike
അലൂമിനിയം വില കുതിക്കുന്നു; മൂന്ന് മാസത്തിനിടെ വർധിച്ചത് ഇരട്ടി
ആഗോള അടിസ്ഥാനത്തിലുള്ള വില വർധനവാണ് രാജ്യത്തും അലൂമിനിയം ഉത്പന്നങ്ങൾക്ക് വില വർധിക്കാൻ കാരണം
കോഴിക്കോട് | അലൂമിനിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് ഇരട്ടി വിലയാണ് വർധിച്ചത്. നേരത്തേ കിലോഗ്രാമിന് 180 രൂപയുണ്ടായിരുന്നയിടത്ത് ഇന്ന് 300 രൂപയായി വില. കെട്ടിട നിർമാണ മേഖല, പാത്രവിപണി, മരുന്ന്, ഭക്ഷണ കവർ നിർമാണം തുടങ്ങിയ മേഖലകളെയെല്ലാം വില വർധന സാരമായി ബാധിച്ചിട്ടുണ്ട്.
ആഗോള അടിസ്ഥാനത്തിലുള്ള വില വർധനവാണ് രാജ്യത്തും അലൂമിനിയം ഉത്പന്നങ്ങൾക്ക് വില വർധിക്കാൻ കാരണം. കഴിഞ്ഞ 13 വർഷത്തിനിടക്ക് ആദ്യമായാണ് അലൂമിനിയത്തിന് ഇത്രയും വില വർധിക്കുന്നത്. കൊവിഡ് കാരണം നിർമാണ മേഖലയിലും മറ്റും സ്തംഭനാവസ്ഥ ഉണ്ടാവുകയും എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഒന്നിച്ച് ആവശ്യക്കാർ വർധിക്കുകയും ചെയ്തതാണ് വില ആഗോളതലത്തിൽ കൂടാൻ കാരണമെന്ന് ആൾ കേരള അലൂമിനിയം ഡീലേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് സർജിൽ മുഹമ്മദ് പറഞ്ഞു.
അലൂമിനിയം സ്‌ക്രാപുകളുടെ വരവ് നിലച്ചതും വില വർധനക്ക് കാരണമായിട്ടുണ്ട്. നിർമാണ മേഖലയിൽ നിന്നാണ് കൂടുതൽ സ്‌ക്രാപ് ലഭിച്ചിരുന്നത്. ഷീറ്റുകളും മറ്റും അളവിന് അനുസരിച്ച് മുറിക്കുമ്പോൾ ബാക്കിയാകുന്ന സ്‌ക്രാപുകൾ ഉപയോഗിച്ചാണ് പുനരുത്പാദനം നടത്തിയിരുന്നത്. എന്നാൽ, നിർമാണ പ്രവൃത്തികൾ ഇടക്ക് നിലച്ചതോടെ സ്‌ക്രാപ്് ലഭ്യതയും ഇല്ലാതായി. ഇതോടെ ചെറുകിട കമ്പനികൾ വരെ ഒറിജിനൽ അലൂമിനിയം എടുത്ത് മിക്‌സ് ചെയ്യേണ്ട അവസ്ഥ വന്നു. ഇന്ത്യയിലെ ചെറുകിട കമ്പനികൾ സ്‌ക്രാപുകൾ വിദേശത്ത് നിന്ന് വരെ ഇറക്കുമതി ചെയ്തിരുന്നു. അലൂമിനിയം ധാരാളമായി കുഴിച്ചെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, ആഗോള വില നിലവാരത്തിനനുസരിച്ച് മാത്രമാണ് ഇന്ത്യയിലും വില നിർണയം.





