Kerala
അല്‍ മൗലിദുല്‍ അക്ബറിന് പരിസമാപ്തി
ആത്മീയ നിര്‍വൃതി തേടി പതിനായിരങ്ങള്‍ ജാമിഉല്‍ ഫുതൂഹിലെത്തി

കോഴിക്കോട് | പ്രവാചകപ്പിറവി കൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വലിലെ ആദ്യ ദിനത്തിൽ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന അല്‍ മൗലിദുല്‍ അക്ബറിനും തബർറുകുല്‍ ആസാറിനുമെത്തിയത് പതിനായിരങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേത്തുനിന്നുമായി വിശ്വാസികള്‍ എത്തിയതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് സാക്ഷ്യം വഹിച്ചത്. പുലര്‍ച്ചെ അഞ്ചോടെ ആരംഭിച്ച സംഗമം ഉച്ചയോടെ അവസാനിച്ചു. വിവിധ മൗലിദുകളുടെ പാരായണവും വിശ്വ വിഖ്യാത പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആലാപനവും സംഗമത്തില്‍ നടന്നു.
സമസ്തയുടെ സമുന്നത നേതാക്കളായ പണ്ഡിതന്മാരുടെ സാരോപദേശങ്ങളും പ്രമുഖ സാദാത്തുക്കളുടെ പ്രാര്‍ഥനകളും വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു. തിരുശേഷിപ്പുകളുടെ ദര്‍ശനം, ഗ്രന്ഥ പ്രകാശനം, പ്രൊഫറ്റിക് എക്‌സ്‌പോ, മധുര വിതരണം, ഭക്ഷണ വിതരണം തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടന്നു.
സമസ്ത പ്രസിഡൻ്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മീലാദ് സന്ദേശ പ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഐദറൂസി മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബുഖാരി ബായാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഖലീലുര്‍റഹ്‌മാന്‍ ജീലാനി തുടങ്ങിയ സാദാത്തുക്കള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് നൈനാര്‍ ഹസ്‌റത്ത് തമിഴ്‌നാട്, മൗലാനാ ശരീഫ് നിസാമി ഔറംഗാബാദ്, അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.
കേരള കായിക മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, കര്‍ണാടക ഹജ്ജ് നഗര വികസന കാര്യ മന്ത്രി റഹീം ഖാന്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, കരീം ഹാജി ചാലിയം, ദേവര്‍ഷോല അബ്ദുസ്സലാം മുസ്്‌ലിയാര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി തുടങ്ങിയ മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.