Connect with us

Articles

അൽ അഖ്സയും ഗ്യാൻവാപിയും: സ്റ്റാറ്റസ്കോ തകർക്കുന്നതിലെ കുതന്ത്രം

രാഷ്ട്രീയാവശ്യത്തിന് ആരാധനാലയങ്ങളെ കരുവാക്കുകയും വൈകാരികത കത്തിച്ച് നിർത്തി ഭരണ പരാജയങ്ങൾ മൂടിവെക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ കൗശലം നീതിന്യായ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഇന്ത്യയിൽ നിന്ന് നോക്കുമ്പോൾ വിശ്വാസികൾ കൂടുതൽ ആശങ്കാകുലരും നിരാശരുമാണ്

Published

|

Last Updated

പ്രാർഥനാനിരതരും വ്രതവിശുദ്ധരുമായി വിശ്വാസികൾ മുത്ത് നബിയുടെ ആകാശ യാത്രയെ കുറിച്ച് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന മിഅ്റാജ് ദിനം സമാഗതമാകുകയാണ്. ഈ സന്ദർഭത്തിൽ ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികൾ ഫലസ്തീൻ ജനതയെ കുറിച്ച് കണ്ണീർ വാർക്കുന്നു. നിഷ്‌കരുണം കൂട്ടക്കൊല നടത്തുന്ന ഇസ്‌റാഈൽ സൈന്യവും രാഷ്ട്രീയ നേതൃത്വവും അവരുടെ യഥാർഥ പദ്ധതി ലോകത്തിന് മുമ്പിൽ മറയില്ലാതെ പ്രഖ്യാപിച്ച ഘട്ടവുമാണിത്. പരിമിതമായ അതിർത്തിയോടെയെങ്കിലും ഫലസ്തീൻ സാധ്യമാകുന്ന ദ്വിരാഷ്ട്ര പരിഹാരം നടപ്പാകുമെന്നും 1967ന് മുമ്പുള്ള അതിർത്തിയിലേക്കെങ്കിലും ഇസ്‌റാഈൽ പിൻവാങ്ങുമെന്നുമുള്ള പ്രതീക്ഷകൾക്ക് നേരെയാണ് ബെഞ്ചമിൻ നെതന്യാഹു ആക്രോശം മുഴക്കുന്നത്. രണ്ട് രാഷ്ട്രങ്ങളില്ല, കൂടുതൽ വിശാലമായ ജൂതരാഷ്ട്രം എന്നതാണത്രേ നയം. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹവും മുത്ത് നബിയുടെ ആകാശാരോഹണം നടന്ന ഇടവുമായ ബൈത്തുൽ മുഖദ്ദസ് ഇസ്‌റാഈൽ അതിർത്തിക്കകത്ത് തന്നെ തുടരുമെന്നു കൂടിയാണ് ഇതിനർഥം. യു എന്നും ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണക്കുന്ന ദ്വിരാഷ്ട്ര പരിഹാരം സാധ്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ട് ഗണനീയമായ ഒരു എതിർസ്വരവും വൻ ശക്തികളിൽ നിന്നുണ്ടായില്ലെന്നത് കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് അൽ അഖ്‌സയുടെ വരുംനാളുകളെ ഭീതിയോടെയാണ് വിശ്വാസികൾ കാണുന്നത്. പള്ളിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുമോ? പള്ളി വിഭജിക്കുമോ? രൂപമാറ്റം വരുത്തുമോ? ജോർദാന്റെ നടത്തിപ്പ് അവകാശം എടുത്തുകളയുമോ? ആശങ്കകൾ നിരവധിയാണ്.

കൗശലം, കുതന്ത്രം

രാഷ്ട്രീയാവശ്യത്തിന് ആരാധനാലയങ്ങളെ കരുവാക്കുകയും വൈകാരികത കത്തിച്ച് നിർത്തി എല്ലാ ഭരണ പരാജയങ്ങളും മൂടിവെക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ കൗശലം നീതിന്യായ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലിരുന്നു കൊണ്ട് നോക്കുമ്പോൾ വിശ്വാസികൾ കൂടുതൽ ആശങ്കാകുലരും നിരാശരുമാണ്. വിഭജനത്തിന്റെ മുറിവുകൾ ഇന്ത്യയിലെ ഭരണഘടനാ ശിൽപ്പികളെയും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെയും മതസ്വാതന്ത്ര്യത്തിന്റെ മഹത്തായ ബോധ്യങ്ങളിലേക്കാണ് നയിച്ചത്. ആരാധനാലയങ്ങളെച്ചൊല്ലിയുള്ള കുതന്ത്രങ്ങൾ ഈ രാജ്യത്തെ ശിഥിലമാക്കുമെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടാണ് ബാബരി മസ്ജിദിൽ “സ്വയം ഭൂവായി’ പ്രത്യക്ഷപ്പെട്ട വിഗ്രഹം എടുത്ത് സരയൂ നദിയിലെറിയണമെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു നിഷ്‌കർഷിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ തന്നെ അനുയായികൾ അത് ചെവികൊണ്ടില്ല. ആ കുതന്ത്രങ്ങൾ ബാബരി മസ്ജിദ് ധ്വംസനത്തിലാണ് കലാശിച്ചത്.

രാജ്യത്തിന്റെ മതേതര പാരമ്പര്യം തകർക്കുന്നതിനും ന്യൂനപക്ഷങ്ങളെ നിതാന്തമായ അന്യവത്കരണത്തിൽ തള്ളിയിടുന്നതിനുമുള്ള അവകാശവാദ കുഴിബോംബുകൾ പലയിടത്തായി മതരാഷ്ട്രവാദികൾ കുഴിച്ചിട്ടിട്ടുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1991ൽ ദി പ്ലേസ് ഓഫ് വർഷിപ്പ് (സ്‌പെഷ്യൽ പ്രൊവിഷൻ) ആക്ട് പാസ്സാക്കുന്നത്. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മതവിവേചനത്തിന്റെ കൊടിയ വിഷം നിർവീര്യമായിട്ടില്ലെന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു ആ നിയമം. ആരാധനാലയങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ (തത്്സ്ഥിതി) പാലിക്കണമെന്നതായിരുന്നു ഈ ആക്ടിന്റെ അന്തസ്സത്ത. സ്വാതന്ത്ര്യം കിട്ടുമ്പോൾ ആരാധനാലയങ്ങളുടെ മതസ്വഭാവം എങ്ങനെയായിരുന്നോ അതുപോലെ തുടരണമെന്നായിരുന്നു നിഷ്‌കർഷ. ഗ്യാൻവാപി പള്ളിയുടെ കാര്യത്തിൽ ഈ നിയപരമായ ബാധ്യതയെയാണ് കോടതികളുടെ കാർമികത്വത്തിൽ തകർത്തെറിഞ്ഞിരിക്കുന്നത്. ഇനി എല്ലാം എളുപ്പമാണ്. പുതിയ ആരാധാനാലങ്ങൾക്ക് മേൽ ചാപ്പ കുത്തുകയേ വേണ്ടൂ.

ഇതേ സ്റ്റാറ്റസ്‌കോയുടെ പ്രശ്‌നം, ജൂതരാഷ്ട്രം ഫലസ്തീന് മേൽ മരണം വിതക്കുന്നതിന്റെ അടിസ്ഥാന ഹേതു തേടിപ്പോകുന്നവർക്കും കാണാനാകും. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ അവർ മസ്ജിദുൽ അഖ്‌സയെകൂടി മുൻനിർത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ, മസ്ജിദുൽ അഖ്‌സക്ക് നേരെ സയണിസ്റ്റ് അതിക്രമത്തിന് നേരിട്ട് നേതൃത്വം നൽകിയത് ഇസ്‌റാഈൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗിവിറാണ്. തീവ്ര വലതുപക്ഷ നേതാവാണ് ഇതാമർ ബെൻ ഗിവിർ. ആയിരത്തിലധികം തീവ്ര ദേശീയവാദി ജൂത കുടിയേറ്റക്കാരെ നയിച്ചാണ് ബെൻ ഗിവിർ കഴിഞ്ഞ ആഗസ്റ്റിൽ അൽ അഖ്‌സ കോമ്പൗണ്ടിലെത്തിയത്. അൽ അഖ്‌സ പരിസരത്ത് നിന്ന് മുസ്്ലിംകളെ തുടച്ചു നീക്കുകയെന്നത് സയണിസ്റ്റ് ആശയഗതിയിൽ രൂഢമൂലമായ കാര്യമാണ്. അറബ് വംശജരോടുള്ള അടങ്ങാത്ത പക സിരകളിലാവാഹിച്ച് ഒരുതരം ഭ്രാന്താവസ്ഥയിൽ എത്തിയവർ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

സ്റ്റാറ്റസ്‌കോയുടെ ചരിത്രം

ഇസ്‌റാഈൽ രാഷ്ട്രം സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തിൽ ബലാത്കാരമായി സ്ഥാപിക്കപ്പെടുന്നതിനും എത്രയോ മുമ്പ് തന്നെ അൽ അഖ്‌സ പള്ളി സമുച്ചയത്തിന്റെ കാര്യത്തിൽ തത്്സ്ഥിതി തുടരണമെന്ന കരാർ നിലവിൽ വന്നിരുന്നു. രാഷ്ട്രീയ സയണിസ്റ്റുകളുടെ മഷ്തിഷ്‌ക പ്രക്ഷാളനത്തിൽ വീണ് അക്രമാസക്ത ജൂത കുടിയേറ്റം ഈ മേഖലയിലേക്ക് ശക്തമാകുന്ന കാലത്താണ് 1878ൽ ബെർലിൻ എഗ്രിമെന്റ് ഉണ്ടാകുന്നത്. 1877- 1878ലെ റുസ്സോ-ടർക്കിഷ് യുദ്ധത്തിന്റെ സമാപനത്തെത്തുടർന്ന് യൂറോപ്യൻ ശക്തികളും ഓട്ടോമൻ സാമ്രാജ്യവും തമ്മിൽ ഒപ്പുവെച്ച കരാറാണിത്. ഉടമ്പടിയുടെ ആർട്ടിക്കിൾ 62ൽ ഇങ്ങനെ വായിക്കാം: “വിശുദ്ധ സ്ഥലങ്ങളിലെ നിലവിലെ സ്ഥിതിയിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. വിവിധ മതങ്ങൾ അവകാശവാദമുന്നയിക്കുന്ന എല്ലാ പുണ്യസ്ഥലങ്ങളും ഉൾപ്പെടുന്ന സ്റ്റാറ്റസ്‌കോയാണ് ലക്ഷ്യം’ തത്്സ്ഥിതി ക്രമീകരണം എന്നത് സവിശേഷമായ ഒരു നിയമവ്യവസ്ഥയാണ്. അത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യേക അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. അന്താരാഷ്ട്ര നിയമമായി അത് മാറിക്കഴിഞ്ഞു. അതിനാൽ വരുംകാലത്ത് വരാനിരിക്കുന്ന ആഭ്യന്തര നിയമങ്ങൾക്കും മുകളിലാണ് അതെന്നും ബർലിൻ പ്രഖ്യാപനം വ്യക്തമാക്കി.

ഇസ്റാഈൽ രൂപവത്കരണത്തിന് രാഷ്ട്രീയ സയണിസ്റ്റുകൾക്ക് ആത്മവിശ്വാസം പകർന്ന ബാൽഫർ പ്രഖ്യാപനത്തിലും വിശുദ്ധ ഭൂമിയിൽ സ്റ്റാറ്റസ്‌കോ തുടരണമെന്ന് വ്യക്തമാക്കുകയുണ്ടായി. ജൂതർക്ക് ഒരു ഹോംലാൻഡ് ഉണ്ടാക്കുകയെന്ന ദൗത്യം മാത്രമല്ല, ആ ഭൂമിയിലെ ആരാധനാലയങ്ങളെ കൈയേറ്റമില്ലാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ബാൽഫർ പ്രഖ്യാപനം ബ്രിട്ടീഷ് ഭരണാധികാരിയിൽ നിക്ഷിപ്തമാക്കുന്നുണ്ട്. ചരിത്രം അരച്ച് കലക്കി കുടിച്ചുവെന്ന് അവകാശപ്പെടുന്നവരാരും ഈ രണ്ടാമത്തെ ഭാഗത്തെ കുറിച്ച് പറയാറില്ല.
പിന്നീട് നിലവിൽ വന്ന സ്റ്റാറ്റസ്‌കോ ക്രമീകരണമനുസരിച്ച് ജോർദാനിലെ ഹാശിമൈറ്റ് ഭരണകൂടത്തിന്റെ കീഴിലുള്ള ജറൂസലം ഇസ്‌ലാമിക് വഖ്ഫ് ആണ് അൽ അഖ്‌സാ പള്ളിയുടെ സംരക്ഷകർ. ഈ സംരക്ഷകത്വം ഐക്യരാഷ്ട്രസഭ, യുനെസ്‌കോ, അറബ് ലീഗ്, യൂറോപ്യൻ യൂനിയൻ, റഷ്യ, അമേരിക്ക എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 1994ൽ ഇസ്‌റാഈലും ജോർദാനും തമ്മിൽ ഒപ്പുവെച്ച സമാധാന ഉടമ്പടിയിലും ഇത് ചട്ടപ്പെടുത്തി. 2016ൽ യുനെസ്‌കോ പാസ്സാക്കിയ പ്രമേയം അൽ അഖ്‌സക്ക് മേലുള്ള ഇസ്‌റാഈൽ നിയന്ത്രണങ്ങളെ സമ്പൂർണമായി തള്ളിക്കളയുന്നതായിരുന്നു. ഇതിലെ പദാവലികൾ ഈ സമുച്ചയത്തെ പൂർണമായി മുസ്‌ലിംകൾക്ക് പതിച്ചു കൊടുക്കുന്നുവെന്നായിരുന്നു സയണിസ്റ്റുകളുടെയും ഇസ്‌റാഈൽ ഭരണകൂടത്തിന്റെയും പരാതി.

നിലക്കാത്ത അതിക്രമങ്ങൾ
ഈ ചട്ടങ്ങളും അന്താരാഷ്ട്ര ഉടമ്പടികളുമെല്ലാം നിലനിൽക്കുമ്പോൾ തന്നെ വിവിധ ഘട്ടങ്ങളിലായി അൽ അഖ്‌സയെ ആക്രമണമുനയിൽ നിർത്താൻ ജൂത തീവ്രവാദികൾ ശ്രമിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് ഫലസ്തീൻ സ്ഥാപിതമായതിനു ശേഷം, അൽ അഖ്സ മസ്ജിദിലെ തത് സ്ഥിതി ക്രമീകരണത്തിന്റെ ആദ്യത്തെ ലംഘനമുണ്ടായത് 1929ലാണ്. ജൂത- സയണിസ്റ്റ് സംഘം അൽ ബുറാഖ് മതിലിന് മുന്നിലേക്ക് ഇരച്ചുവരികയായിരുന്നു. ഇത് ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിനും സംഘർഷത്തിനും വഴിവെച്ചു. അൽ ബുറാഖ് മതിലിന്മേൽ സയണിസ്റ്റുകൾ അവകാശവാദമുന്നയിച്ചു, എന്നാൽ ഒരു തെളിവും വെക്കാൻ സാധിച്ചില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട അവകാശങ്ങളും അവകാശവാദങ്ങളും നിർണയിക്കാൻ ബ്രിട്ടീഷ് മാൻഡേറ്റ് അധികാരികൾ കമ്മീഷൻ സ്ഥാപിച്ചു. പടിഞ്ഞാറൻ മതിൽ അൽ അഖ്സ മസ്ജിദിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാൽ മുസ്‌ലിംകൾ ക്ക് അവകാശപ്പെട്ടതാണെന്നും കമ്മീഷൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. (Arab center washington DC).
1967ലെ ആറ് ദിന യുദ്ധത്തിൽ ഇസ്‌റാഈൽ വിജയിക്കുകയും വെസ്റ്റ്ബാങ്കും ഗസ്സാ മുനമ്പും പിടിച്ചടക്കുകയും കിഴക്കൻ ജറുസലേമിൽ ഏകപക്ഷീയമായി പരമാധികാരം പ്രഖ്യാപിക്കുകയും ചെയ്തത് അൽ അഖ്‌സക്ക് നേരെ കൂടുതൽ കൈയേറ്റങ്ങൾക്ക് വഴിവെച്ചു. ഇസ്‌റാഈൽ അതിന്റെ ആഭ്യന്തര നിയമങ്ങൾ പ്രദേശത്ത് പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ യു എൻ രക്ഷാസമിതി ഡസൺ കണക്കിന് പ്രമേയങ്ങൾ പാസ്സാക്കി അത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചെങ്കിലും സൈനിക സാന്നിധ്യം പിൻവലിക്കാൻ ഇസ്‌റാഈൽ തയ്യാറായില്ല. 1980ൽ ഇസ്‌റാഈൽ “അടിസ്ഥാന നിയമം (ബേസിക് ലോ)’ പാസ്സാക്കുകയും ജറൂസലം തലസ്ഥാനമാക്കുകയും ചെയ്തു. ഇതോടെ യു എൻ പ്രമേയം 478 പാസ്സാക്കി. ജറൂസലമിന്റെയും അൽ അഖ്‌സയുടെയും കാര്യത്തിൽ “അടിസ്ഥാന നിയമം’ നിലനിൽക്കില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.
1969ൽ ആസ്‌ത്രേലിയൻ ക്രിസ്ത്യാനി അൽ അഖ്‌സ കോന്പൗണ്ടിൽ ഇരച്ചുകയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ കത്തിനശിച്ചു. 1990ൽ ഉണ്ടായ സംഘർഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ൽ പടിഞ്ഞാറൻ കവാടത്തിലേക്ക് ജൂതൻമാർ തുരങ്കം പണിതപ്പോൾ അത് ചെറുക്കാൻ ഫലസ്തീനികൾ ഇറങ്ങി. 63 പേർ രക്തസാക്ഷികളായി.
2000ത്തിൽ ഇസ്‌റാഈൽ നേതാവ് ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അൽ അഖ്‌സയിലേക്ക് കടന്നുകയറാനെത്തി. അന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇൻതിഫാദക്ക് വഴിവെച്ചത്. 3,000 ഫലസ്തീനികളെ കൊന്നുതള്ളി. രണ്ട് “നേട്ട’ങ്ങളാണ് ഈ അൽ അഖ്‌സ അതിക്രമം വഴി ഏരിയൽ ഷാരോണുണ്ടാക്കിയത്. ഒന്ന് അദ്ദേഹത്തിന്റെ പാർട്ടി അധികാരം പിടിച്ചു. രണ്ട്, ഓസ്‌ലോ കരാർ നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനായി. കിഴക്കൻ ജറൂസലമിൽ നിന്ന് പിൻവാങ്ങുന്നതടക്കം നിർദേശങ്ങളുള്ള ആ കരാർ ഇന്നും ഏട്ടിലെ പശുവായി തുടരുകയാണ്. രാഷ്ട്രീയ അട്ടിമറികൾക്ക് ആരാധനാലയങ്ങളെ ഉപയോഗിക്കുന്നതിൽ സയണിസവും ഹിന്ദുത്വയും ഒരേ ചോര സിരകളിൽ വഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. മണ്ഡൽ പ്രക്ഷോഭത്തെ തകർത്തതും പിന്നാക്ക സമൂഹങ്ങളുടെ ഉണർവ് കെടുത്തിയതും ബാബരി മസ്ജിദ് ധ്വംസനത്തിലൂടെയായിരുന്നുവല്ലോ.
2003 ആഗസ്റ്റിൽ, ഷാരോൺ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ഏതാനും മാസങ്ങൾക്ക് ശേഷം ജോർദാനുമായുള്ള കരാർ കാറ്റിൽപറത്തി ജൂതൻമാർക്കും മറ്റ് അമുസ്‌ലിംകൾക്കും സമുച്ചയത്തിലേക്ക് പ്രവേശനം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. അന്താരാഷ്ട്ര സംവിധാനങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കി സ്റ്റാറ്റസ്‌കോ ലംഘനങ്ങൾ നിരന്തരം അരങ്ങേറുന്നതാണ് ഇന്ന് മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന ഹേതു. ഇന്ന് ഇസ്‌റാഈൽ അധിനിവേശ സേന വിശുദ്ധ ഭൂമിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അവർ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും പ്രവേശനം പൂർണമായും നിയന്ത്രിക്കുന്നു. എല്ലാ കവാടങ്ങളിൽ നിന്നും മുസ്‌ലിംൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും അമുസ്‌ലിംകൾക്ക് അൽ മഗ്‌റബി ഗേറ്റ് വഴി പ്രവേശനമൊരുക്കുന്നുണ്ട് സൈന്യം. ടെമ്പിൾ മൗണ്ട് ഗ്രൂപ്പുകളും ഇസ്‌റാഈൽ തീവ്രവാദികളുമെല്ലാം ഇതുവഴി കടന്നുകയറുന്നു. ഫലസ്തീനികളുടെ പ്രവേശം പല നിലയിൽ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. റമസാനിലും മറ്റ് വിശുദ്ധ ദിനങ്ങളിലും ഈ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംഘർഷത്തിന് കാരണമാകുകയാണ്.

തികച്ചും മതേതരമായ ഒരു രാജ്യത്തെ കുറിച്ചാണ് ഫലസ്തീനികൾ സംസാരിക്കുന്നത്. അവിടെ ക്രിസ്ത്യാനികളുണ്ട്. ജൂതൻമാർ പോലുമുണ്ട്. അതറിയുന്നത് കൊണ്ടാണ് പരിമിതമായ ഫലസ്തീൻ പോലും അനുവദിക്കില്ലെന്ന് ഇസ്‌റാഈൽ ശഠിക്കുന്നത്. യു എസ് അടക്കമുളളവ ആ ശാഠ്യത്തിന് വളംവെക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഫലസ്തീൻ മുസ്‌ലിംകളെ വിശ്വാസദാർഢ്യമുള്ളവരായി നിലനിർത്തുന്ന വിശുദ്ധ സാന്നിധ്യമാണ് ബൈത്തുൽ മുഖദ്ദസ്. അവിടെ നിന്ന് അവരെ അകറ്റി മാത്രമേ അവരുടെ ആത്മവിശ്വാസം തകർക്കാനാകൂ. അതിനാൽ, സംഘർഷമുണ്ടാക്കുക, പ്രകോപിപ്പിക്കുക, പുതിയ നിയമങ്ങളുണ്ടാക്കുക, അന്താരാഷ്ട്ര കരാറുകളെ നിസ്സാരപ്പെടുത്തുക തുടങ്ങിയ പണികൾ അവർ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലോ? ഇവിടെ നിലനിൽക്കുന്ന മതേതര ഭരണസംവിധാനം തകർക്കാനുള്ള രാഷ്ട്രീയ ശക്തിയാർജിക്കാൻ വിഭജന തന്ത്രമാണ് ഹിന്ദുത്വം പുറത്തെടുക്കുന്നത്. അതിന് അവരും ആരാധനാലയങ്ങൾക്ക് നേരെ തിരിയുന്നു. പ്രകോപിതരാകാതിരിക്കുകയും ആത്മവിശ്വാസം കൈവിടാതിരിക്കുകയും മാത്രമാണ് കാലം ആവശ്യപ്പെടുന്ന പരിഹാരം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest