Kerala
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര; കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെ
ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെയാണെന്ന വിവരം പുറത്ത്. ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചട്ടം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ അജിത് കുമാറിനെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എ ഡി ജി പിയുടെ യാത്ര മനപ്പൂര്‍വമാണെന്നും കോടതി ഉത്തരവിന് വിരുദ്ധമാണ് പ്രവൃത്തിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കോടതി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഏറെക്കാലം ജോലി നോക്കിയിട്ടുള്ള അദ്ദേഹത്തിന് ഈ നിയമങ്ങളെല്ലാം വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടുപോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ട്രാക്ടറില്‍ ഡ്രൈവര്‍ ഒഴിച്ച് ഒരാളും കയറാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എ ഡി ജി പി ട്രാക്ടറില്‍ പോയത് മനപ്പൂര്‍വമാണ്. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപോര്‍ട്ട് തേടുകയും ചെയ്തു. ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.