International
ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുക ലക്ഷ്യം; പ്രധാനമന്ത്രി ഇന്ന് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍, കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു ശേഷം വഷളായ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുക തുടങ്ങിയവ ചര്‍ച്ചയാവും.

ടിയാന്‍ജിന്‍ | ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍, കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കു ശേഷം വഷളായ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുക തുടങ്ങിയവ ചര്‍ച്ചയാവും.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ സാഹചര്യത്തില്‍ മോദിയുടെ ചൈന സന്ദര്‍ശനത്തിന് സവിശേഷ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ ഇത് നിര്‍ണായക മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. 2018 ഏപ്രിലിലായിരുന്നു പ്രധാനമന്ത്രി ഏറ്റവുമവസാനം ചൈന സന്ദര്‍ശിച്ചത്. ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനു കൂടിയാണ് സന്ദര്‍ശനം. ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുക. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോക സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ടിയാന്‍ജിനില്‍ വിമാനമിറങ്ങിയ മോദിക്ക് ചൈന ഊഷ്മള സ്വീകരണമാണ് നല്‍കിയത്.