Connect with us

Eranakulam

കൊച്ചിയിലെ അമ്ല മഴ; പ്രചാരണം നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

രാജഗോപാല്‍ കമ്മത്തിന്റെ നിഗമനങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍

Published

|

Last Updated

കൊച്ചി | വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രദേശത്ത് ആദ്യവേനല്‍ മഴയില്‍ നേരിയ തോതില്‍ അമ്ലത ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ആദ്യ മഴയുടെ അഞ്ച് മിനിറ്റിനപ്പുറം ഇത് നീണ്ടു നില്‍ക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ശാസ്ത്രനിരീക്ഷകനായ രാജഗോപാല്‍ കമ്മത്ത് ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആദ്യമഴയില്‍ അമ്ലത തിരിച്ചറിഞ്ഞത്. കൊച്ചിയില്‍ പെയ്ത മഴയുടെ പി എച്ച് മൂല്യം 4.5 വരെയാണെന്നും നേര്‍ത്ത സള്‍ഫ്യുരിക് ആസിഡിന്റെ സാന്നിധ്യമുണ്ടെന്നുമാണ് കമ്മത്ത് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, രാജഗോപാല്‍ കമ്മത്തിന്റെ നിഗമനങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അമ്ലത ഉണ്ടെന്ന് പറയുന്ന മഴവെള്ളത്തിന്റെ സാമ്പിള്‍ എടുത്ത് ശാസ്ത്രീയമായി പരിശോധിച്ചാല്‍ മാത്രമേ അതില്‍ അമ്ലത എത്രത്തോളമാണെന്ന് പറയാന്‍ കഴിയൂ.

ഒരുപാട് വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് നിരന്തരമായി പുകപുറത്തു വന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ആദ്യമഴയില്‍ അമ്ലത അല്‍പം കൂടുതലായി കണ്ടാലും അതില്‍ അസാധാരണമായി ഒന്നുമില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ സാമ്പിള്‍ പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. വിവാദമുണ്ടായ സാഹചര്യത്തില്‍ അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ബന്ധപ്പെട്ട ഉദ്ദോയഗസ്ഥര്‍ പറഞ്ഞു.

Latest